സ്വർണക്കുതിപ്പ് തുടരുന്നു; ₹41,000 കടന്ന് പവൻവില
Friday 06 January 2023 3:02 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 41,000 രൂപ കടന്നു. 160 രൂപ വർദ്ധിച്ച് 41,040 രൂപയായിരുന്നു ഇന്നലെ വില. 20 രൂപ ഉയർന്ന് 5,130 രൂപയാണ് ഗ്രാമിന്. 2020 ആഗസ്‌റ്റ് ഏഴിലെ 42,000 രൂപയാണ് പവൻവിലയുടെ എക്കാലത്തെയും ഉയരം; അന്ന് 5,250 രൂപയായിരുന്നു ഗ്രാമിന്.
നിലവിലെ ട്രെൻഡ് തുടർന്നാൽ വൈകാതെ സ്വർണവില പുതിയ ഉയരം കുറിക്കും. ഈമാസം മാത്രം ഇതുവരെ പവന് 680 രൂപയും ഗ്രാമിന് 85 രൂപയും കൂടി. ആഗോള സാമ്പത്തികമാന്ദ്യ ഭീതി, നാണയപ്പെരുപ്പ ഭീഷണി എന്നിവമൂലം നിക്ഷേപകർ ഓഹരിവിപണിയിൽ നിന്ന് പണം പിൻവലിച്ച് സ്വർണത്തിലേക്ക് ചേക്കേറുന്നതാണ് വിലക്കുതിപ്പിന് കാരണം.
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടുമെന്ന ഭീതിമൂലം ഓഹരിവിപണികൾ നേരിടുന്ന തളർച്ചയും സ്വർണവിലയിൽ കുതിപ്പുണ്ടാക്കുന്നു.