പഴയ ഗുരു വേദിയിലുണ്ട്, അരിമുറുക്ക് കച്ചവടക്കാരനായി

Friday 06 January 2023 12:09 AM IST
കാൽമുട്ടിന് അസുഖം ബാധിച്ചതിനെ തുടർന്ന് പലഹാരങ്ങൾ വിറ്റുജീവിക്കുന്ന നൃത്താദ്ധ്യാപകൻ ശശികുമാർ കലോത്സവ വേദിയിലെത്തിയപ്പോൾ. ഫോട്ടോ: കെ.പി.വിഷ്ണുപ്രസാദ്‌

കോഴിക്കോട്: ശിഷ്യഗണങ്ങളുമായി വേദികളിൽ നിന്ന് വേദികളിലേയ്ക്ക് പാഞ്ഞിരുന്ന നൃത്താദ്ധ്യാപകൻ കോടഞ്ചേരി മുണ്ടൂർ സ്വദേശി ആർ.ശശികുമാർ ഇക്കുറിയും കലോത്സവ നഗരിയിലുണ്ട്. ഗുരുവായല്ല, അരിമുറുക്ക് കച്ചവടക്കാരനായി!

സഞ്ചിയും തൂക്കി അരിമുറുക്കും ഉണ്ണിയപ്പവുമൊക്കെ വിൽക്കുമ്പോഴും കണ്ണ് വേദിയിലാണ്. നർത്തകിമാരുടെ വേഷം, ചലനം, താളം, കൈയനക്കങ്ങൾ... അങ്ങനെ എല്ലാം നിരീക്ഷിക്കും. ചിരിച്ചും കൈയനക്കിയും പ്രോത്സാഹിപ്പിക്കും. ഗുരുമനസ് തുടിക്കും. നന്നായി കളിച്ചവരെ അടുത്തുവിളിച്ച് അഭിനന്ദിക്കും.

ശിഷ്യഗണങ്ങളെല്ലാം സമ്മാനവുമായി മടങ്ങിയിരുന്നൊരു പ്രതാപകാലമുണ്ടായിരുന്നു ശശികുമാറിന്. കുച്ചുപ്പുടിയും ഭരതനാട്യവും മോഹിനിയാട്ടവും സംഘനൃത്തവുമെല്ലാം പരിശീലിപ്പിച്ചു. പെട്ടെന്നുണ്ടായ മുട്ടുവേദനയായിരുന്നു തുടക്കം.രണ്ട് മുട്ടുകളെയും തുളച്ചിറങ്ങുന്ന വേദനമാറാൻ മുട്ടുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. മൂന്നുലക്ഷത്തോളം രൂപവേണം. നൃത്തം പഠിപ്പിക്കാൻ കാലുകൾ അനുവദിക്കാത്തതിനാൽ അദ്ധ്യാപനം പൂർണമായും അവസാനിപ്പിച്ചു. ഇതിനിടെ ഭാര്യയെ അർബുദവും ബാധിച്ചു. ഓരോ രൂപയ്ക്കും ലക്ഷങ്ങളുടെ വിലയുണ്ടെന്ന് മനസിലാക്കിയ നിമിഷം. അപ്രതീക്ഷിതമായ പകപ്പിൽ നിന്നുള്ള മോചനമായിരുന്നു ശശികുമാറിന് അരിമുറുക്ക് കച്ചവടം. പഴയ ശിഷ്യരൊക്കെ അടുത്തുവന്നും അനുഗ്രഹം വാങ്ങിയും മടങ്ങുമ്പോൾ മനസ് സന്തോഷം കൊണ്ട് നൃത്തംവെയ്ക്കും.

''ജീവിക്കാൻ മറ്റ് വഴികളില്ലാത്തതിനാലാണ് അരിമുറുക്കും ഉണ്ണിയപ്പവും അച്ചപ്പവുമൊക്കെയുണ്ടാക്കി ഇതുപോലുള്ള വേദികളിലേക്കും തെരുവുകളിലേക്കും ഇറങ്ങേണ്ടി വന്നത്. നൃത്തമാണെന്റെ ജീവിതം''

ശശികുമാർ പറയുന്നു.