ഇ-വാഹന വില്പനയിൽ വൻ കുതിപ്പോടെ കേരളം

Friday 06 January 2023 3:09 AM IST

 2022ൽ വില്പന വളർച്ച 454 ശതമാനം

കൊച്ചി: കേരളത്തിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യതയേറുന്നതായി വ്യക്തമാക്കി 2022ൽ വിപണി കാഴ്ചവച്ച വില്പനവളർച്ച 454 ശതമാനം. കഴിഞ്ഞവർഷം 39,525 ഇ-വാഹനങ്ങളാണ് കേരളത്തിൽ പുതുതായി നിരത്തിലെത്തിയതെന്ന് പരിവാഹൻ രജിസ്‌ട്രേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.

2021ൽ വില്പന 8,​706 ഇ-വാഹനങ്ങളായിരുന്നു. 2021ലെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പന ഡിസംബറിലെ 1,​388 എണ്ണമായിരുന്നു. ഏറ്റവും കുറവ് മേയിലും; 177 എണ്ണം. 2022ൽ ഏറ്റവും കുറഞ്ഞ വില്പന ജനുവരിയിലായിരുന്നു; 1,722 എണ്ണം. തുടർന്ന് ഓരോമാസവും വില്പന കൂടി. കഴിഞ്ഞ മൂന്ന് മാസങ്ങളിലും വില്പന 4,​000 കടന്നു.

ഒക്‌ടോബറിൽ 4,​296 യൂണിറ്റുകളുടെ വില്പന നടന്നു. നവംബറിൽ 4,263ലേക്ക് താഴ്‌ന്നെങ്കിലും ഡിസംബറിൽ 4,​585 യൂണിറ്റിലേക്ക് ഉയർന്നു. ഹൈബ്രിഡ് വാഹനങ്ങൾക്കും കേരളത്തിൽ സ്വീകാര്യതയുണ്ട്. പെട്രോൾ എൻജിന് പുറമേ ഇലക്‌ട്രിക് മോട്ടോറുമുള്ള പെട്രോൾ/ഹൈബ്രിഡ് വിഭാഗത്തിൽ കഴിഞ്ഞവർഷം വില്പന 12,​275 യൂണിറ്റുകളായിരുന്നു. ഡീസൽ/ഹൈബ്രിഡ് വില്പന 67 എണ്ണം. പെട്രോൾ/സി.എൻ.ജി വിഭാഗത്തിൽ 4,​281 വാഹനങ്ങളും സി.എൻ.ജി ഒൺലി വിഭാഗത്തിൽ 9,​855 വാഹനങ്ങളും വിറ്റഴിഞ്ഞു.

പെട്രോൾ എൻജിൻ വിഭാഗത്തിൽ 6.61 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞവർഷം കേരളീയർ പുതുതായി വാങ്ങിയത്. 55,​844 പുതിയ ഡീസൽ വണ്ടികളും വിറ്റഴിഞ്ഞു. പരിസ്ഥിതി സൗഹാർദ്ദമെന്നതിന് പുറമേ ദീർഘകാലാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ പെട്രോൾ/ഡീസൽ വാഹനങ്ങളേക്കാൾ പരിപാലനച്ചെലവ് കുറവാണെന്നതാണ് ഇ-വാഹനങ്ങളുടെ മുഖ്യസവിശേഷത.

ദേശീയതലത്തിലും മികച്ച മുന്നേറ്റം

ഇ-വാഹനവില്പന 2022ൽ ദേശീയതലത്തിലും കാഴ്ചവച്ചത് ശ്രദ്ധേയ മുന്നേറ്റം. എല്ലാ ശ്രേണികളിലുമായി 2022ൽ 9,​99,​949 ഇ-വാഹനങ്ങൾ നിരത്തിലെത്തി. 2021ലെ 3.22 ലക്ഷത്തേക്കാൾ 210 ശതമാനം അധികം. 10 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ലിൽ നിന്ന് 51 യൂണിറ്റുകൾ മാത്രം അകലെയായിരുന്നു 2022ലെ വില്പന.

മൊത്തം ഇ-വാഹനവില്പനയിൽ 62 ശതമാനവും ടൂവീലറുകളാണ്. ഒല,​ ഒകിനാവ,​ ഹീറോ ഇലക്‌ട്രിക് എന്നിവയാണ് ടൂവീലറുകളിൽ മുന്നിൽ. ത്രീവീലറുകളിൽ വൈ.സി ഇലക്‌ട്രിക്. 32,​853 ഇ-കാറുകളും വിറ്റഴിഞ്ഞു; ഇതിൽ 25,​760 യൂണിറ്റുകളും ടാറ്റയുടേതാണ്.

4.7%

ഇന്ത്യയിലെ മൊത്തം വാഹനവില്പനയിൽ 4.7 ശതമാനമാണ് ഇ-വാഹനങ്ങൾ.

ഇ-വില്പന

(വർഷം, വില്പന)

 2013 : 2,693

 2015 : 7,772

 2018 : 1.27 ലക്ഷം

 2020 : 1.21 ലക്ഷം

 2021 : 3.22 ലക്ഷം

 2022 : 9.99 ലക്ഷം