ആവശ്യപ്പെട്ടപോലെ കുടിശിക, ഖജനാവ് കാലി പക്ഷേ; 8.5 ലക്ഷം ചിന്തയ്ക്ക്

Friday 06 January 2023 4:03 AM IST

മാസ ശമ്പളം 1,​00,000

തിരുവനന്തപുരം: 2016ൽ നിയമിക്കുമ്പോൾ 50,​000 മാസ ശമ്പളം. 2018ൽ ഇത് ഒരു ലക്ഷമാക്കി. എന്നാൽപ്പിന്നെ 2016 മുതൽ ഒരു ലക്ഷമാക്കിക്കിട്ടിയാലോ! 8.5 ലക്ഷം രൂപ ഒറ്റയടിക്ക് കീശയിൽ വരും.

നടക്കാത്ത മനോഹര സ്വപ്നമല്ലിത്. യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ അപേക്ഷയിൽ 17 മാസ കുടിശിക അനുവദിക്കാനാണ് ധനവകുപ്പിന്റെ വിവാദ തീരുമാനം. ഉടൻ ഉത്തരവിറങ്ങും. സംസ്ഥാനം നിത്യച്ചെലവിന് കാശില്ലാതുഴലുമ്പോൾ,​ യുവജനക്ഷേമ വകുപ്പിന്റെ എതിർപ്പ് മറികടന്നാണ് പാർട്ടി നിയമനത്തിന് ലക്ഷങ്ങൾ പൊടിക്കുന്നത്.

2016 ഒക്ടോബർ നാലിനാണ് അദ്ധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6ന് 50,​000 രൂപ ശമ്പളം നിശ്ചയിച്ച് ഉത്തരവിറക്കി. 2018 മേയ് 26ന് ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി ഉത്തരവുമിറക്കി. ​ നിയമനത്തീയതിയായ 2016 ഒക്ടോബർ 4 മുതൽ 2018 മേയ് 26 വരെയുള്ള കുടിശിക നൽകണമെന്ന ചിന്തയുടെ ആദ്യ അപേക്ഷ ധനവകുപ്പും യുവജനക്ഷേമവകുപ്പും തള്ളിയിരുന്നു. കഴിഞ്ഞ സെപ്തംബർ 14ന് വീണ്ടും അപേക്ഷ നൽകിയെങ്കിലും 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവുമിറക്കി.

എന്നാൽ,​ ചിന്ത ധനമന്ത്രിക്ക് വീണ്ടും അപേക്ഷ നൽകിയതോടെ,​ 17 മാസത്തെ ശമ്പള കുടിശിക നൽകാൻ തീരുമാനിച്ച് ഡിസംബർ 28ന് ധനവകുപ്പ് യുവജനക്ഷേമവകുപ്പിന് കുറിപ്പ് നൽകുകയായിരുന്നു.

തെളിവുകളില്ലാത്ത വാർത്ത: ചിന്ത

തനിക്കെതിരെ തെളിവുകളില്ലാത്ത വാർത്തകളാണ് പുറത്തുവരുന്നതെന്ന് യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. ശമ്പളമില്ലാതെയാണ് ആദ്യഘട്ടങ്ങളിൽ പ്രവർത്തിച്ചത്. 2018 മേയ് മുതൽ ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ട്. അതിനു മുൻപ് അഡ്വാൻസ് ആയാണ് തുക തന്നത്. അതിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് യുവജന കമ്മിഷൻ സെക്രട്ടറി സർക്കാരിന് കത്തയച്ചിരുന്നു. 32 ലക്ഷം ലഭിക്കുമെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ല. ഇത്രയും തുക ഒരുമിച്ച് ലഭിച്ചാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. കമ്മിഷൻ മുൻ അദ്ധ്യക്ഷൻ ആർ.വി. രാജേഷ് കേസുമായി മുന്നോട്ടു പോവുകയായിരുന്നു. രാജേഷിന് ശമ്പള കുടിശ്ശിക അനുവദിക്കാൻ കോടതി ഉത്തരവായി. അല്ലാതെ ഒരു തുകയും ഞാൻ കൈപ്പറ്റിയിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ യോഗത്തിന് പോയതും സ്വന്തം ചെലവിലാണ്.

പാ​വ​ങ്ങ​ളു​ടെ​ ​സാ​മൂ​ഹി​ക​ ​സു​ര​ക്ഷാ​ ​പെ​ൻ​ഷ​ൻ​ ​പോ​ലും​ ​ന​ൽ​കാ​ൻ​ ​ക​ഴി​യാ​ത്ത​ത്ര​ ​ഗു​രു​ത​ര​മാ​യ​ ​ധ​ന​ ​പ്ര​തി​സ​ന്ധി​യ്ക്കി​ടെ​യാ​ണ് ​അ​ധാ​ർ​മ്മി​ക​മാ​യ​ ​ഈ​ ​ന​ട​പ​ടി വി.​ഡി​ ​സ​തീ​ശൻ, പ്ര​തി​പ​ക്ഷ​ ​നേ​താ​വ്