ബേക്കറി ജീവനക്കാരന് മർദ്ദനം: നാല് വിദ്യാർത്ഥികൾക്കെതിരെ കേസ്

Friday 06 January 2023 12:47 AM IST
crime

നാദാപുരം: നാദാപുരം ടൗണിലെ ബേക്കറി ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ നാലു വിദ്യാർത്ഥികൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. നാദാപുരം എം.ആർ.എ.ബേക്കറിയിലെ ജീവനക്കാരൻ പെരിങ്ങത്തൂർ ഒലിപ്പിൽ സ്വദേശി മുഹമ്മദ് റാഫിയെ (19)യാണ് കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ചില വിദ്യാർത്ഥികൾ സൗഹൃദ ഭാവത്തിൽ കടയിൽ നിന്നും പുറത്തിറക്കി ആളൊഴിഞ്ഞ വഴിയിൽ കൊണ്ടുപോയി മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ റാഫിയുടെ മൂക്കിന്റെ പാലം തകരുകയും വാരിയെല്ല് പൊട്ടുകയും ചെയ്തിരുന്നു. നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ റാഫിയെ തലശ്ശേരി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. നിരന്തരം ആക്രമണം നടത്തുന്ന സ്ക്കൂൾ വിദ്യാർത്ഥികളുടെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ലോകകപ്പ് ഫൈനൽ മത്സരം കഴിഞ്ഞതിന് ശേഷം പെരിങ്ങത്തൂരിൽ വെച്ച് രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികളെ ചൊക്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ നാദാപുരത്തുണ്ടായ സംഭവമെന്നാണ് പൊലീസ് നൽകുന്ന സൂചന.

ബേക്കറി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു .ജില്ല വൈസ് പ്രസിഡന്റ് ഏരത്ത് ഇക്ബാൽ ,സെക്രട്ടറി അബ്ബാസ് കണേക്കൽ ,മണ്ഡലം സെക്രട്ടറി ഹാരിസ് മാത്തോട്ടത്തിൽ എന്നിവർ ആശുപത്രിയിലെത്തി റാഫിയെ സന്ദർശിച്ചു .കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണമെന്ന് നേതാക്കൾ പൊലീസ് ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.

ReplyForward