ഏലക്കയിൽ കീടനാശിനി: ഹൈക്കോടതി വിശദീകരണം തേടി

Friday 06 January 2023 12:00 AM IST

കൊച്ചി: ശബരിമലയിലെ അരവണ നിർമ്മാണത്തിനുപയോഗിക്കുന്ന ഏലക്കയിൽ സുരക്ഷിതമല്ലാത്ത വിധം കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെയും കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റിയെയും ഹർജിയിൽ സ്വമേധയാകക്ഷി ചേർത്തു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ഏലക്കയുടെ ഗുണനിലവാരം ഗവ. അനലിറ്റിക്കൽ ലാബിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് ശബരിമലയിൽ ഏലക്ക സപ്ളൈ ചെയ്തിരുന്ന അയ്യപ്പ സ്പൈസസ് കമ്പനി ഉടമ എസ്. പ്രകാശ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇവ പരിശോധിക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഫിപ്രോനിൽ, ടെബ്യുകണസോൾ, ഇമിഡക്ളോപ്രിഡ് എന്നീ കീടനാശിനികളുടെ സുരക്ഷിതമല്ലാത്തവിധത്തിലുള്ള സാന്നിദ്ധ്യം ഏലക്കയിലുണ്ടെന്ന് തിരുവനന്തപുര അനലിറ്റിക്കൽ ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ റിപ്പോർട്ടിൽ വിശദീകരണം തേടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെയും കക്ഷി ചേർത്തത്. ഇവരുടെ വിശദീകരണത്തിനായി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ സമയം തേടി. ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി.