ഭക്ഷണ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കണം : ഡി.എം.ഒ

Friday 06 January 2023 12:53 AM IST

പത്തനംതിട്ട : ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതാകുമാരി അറിയിച്ചു. മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ, ജലമോ കാരണമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഭക്ഷണപാനീയ വിൽപനശാലകൾ അംഗീകൃത ലൈസൻസോടുകൂടി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന ആളുകളും തൊഴിലാളികളും ആറു മാസത്തിലൊരിക്കൽ ആരോഗ്യപരിശോധന നടത്തി കാർഡുകൾ കൈവശം സൂക്ഷിക്കണം. യാതൊരു കാരണവശാലും പഴകിയതും, ഉപയോഗശൂന്യം അല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ വിൽക്കരുതെന്ന് ഡി.എം.ഒ പറഞ്ഞു. പാകംചെയ്ത ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കാൻ പാടില്ല. കല്യാണം ഉൾപ്പെടെയുള്ള പൊതുചടങ്ങുകളിൽ ഉപയോഗിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളിൽ ഐസ് ഉപയോഗം കഴിവതും ഒഴിവാക്കണം. അഞ്ചുമിനിട്ട് നേരമെങ്കിലും തിളപ്പിച്ചാറിയ ജലം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച ജലത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കരുത്.