53-ാം തവണ 53 അംഗ സംഘവുമായി കെ പി മോഹനൻ എംഎൽഎ ശബരിമലയിലെത്തി
Friday 06 January 2023 12:10 AM IST
ശബരിമല: കണ്ണൂർ കൂത്തുപറമ്പിൽ നിന്ന് 53-ാം തവണ 53 അംഗ സംഘവുമായി കെ.പി.മോഹനൻ എം.എൽ.എ എത്തി ശബരീശ ദർശനം നടത്തി. വലിയ ഗുരുസ്വാമിയായി സംഘത്തിന് നേതൃത്വം നൽകിയാണ് കെ.പി.മോഹനൻ എത്തിയത്. കൊവിഡിനെ തുടർന്ന് രണ്ടുതവണ ശബരിമലയിലെത്താൻ കഴിഞ്ഞിരുന്നില്ല. സ്ത്രീകളും കുട്ടികളുമുൾപ്പടെ സംഘത്തിലുണ്ട്.
സംസ്ഥാന കൃഷി - മൃഗസംരക്ഷണ മന്ത്രിയായിരുന്നപ്പോഴും ശബരിമലയാത്ര കെ.പി.മോഹനൻ മുടക്കിയിരുന്നില്ല. മുൻ ദേവസ്വം മന്ത്രിയും പൊതു പ്രവർത്തകനുമായിരുന്ന പിതാവ് പി.ആർ.കുറുപ്പിനൊപ്പം ഇത്തരത്തിൽ സംഘം ചേർന്ന് ശബരിമല തീർത്ഥാടനം നടത്തിയാണ് കെ.പി മോഹനനും സ്ഥിരം ശബരിമല തീർത്ഥാടകനായത്. ഇന്നലെ ഉച്ചയോടെ സന്നിധാനത്തെത്തിയ സംഘം പടികയറി അയ്യനെ വണങ്ങി. വഴിപാടുകളും കഴിച്ച് പ്രസാദവും വാങ്ങിയാണ് മടക്കയാത്ര നടത്തിയത്.