ജില്ലാആശുപത്രി ഒ.പിയിൽ ഡോക്ടർമാർക്കായി 'കട്ട വെയിറ്റിംഗ് '
പല ഡോക്ടർമാരും വരുന്നത് ഒന്നര മണിക്കൂർ വരെ വൈകി
കൊല്ലം: ജില്ലാആശുപത്രി ഒ.പിയിൽ ഡോക്ടർമാർ എത്താൻ ഒന്നര മണിക്കൂർ വരെ വൈകുന്നു. രാവിലെ എട്ട് മണിക്കാണ് ഒ.പി തുടങ്ങേണ്ടത്. എന്നാൽ, പല ഡോക്ടർമാരും വരുന്നത് ഒമ്പത് മണിക്ക് ശേഷമാണ്. ചില ഒ.പികളിൽ രോഗികൾക്ക് ഒൻപത് അരവരെ ഡോക്ടർമാരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾ ജില്ലാ ആശുപത്രിയിൽ എത്തുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും പാവപ്പെട്ടവരാണ്. വേഗത്തിൽ വീട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിൽ ഇവരിൽ പലരും രാവിലെ എട്ട് മണിക്ക് തന്നെയെത്തി ഒ.പി ടിക്കറ്റെടുത്ത് കാത്തിരിക്കും. ഡോക്ടർമാർ എത്താൻ വൈകുന്നതോടെ ഒ.പിയുടെ സമയവും നീളും. രണ്ട് മണിക്ക് ശേഷവും പല ഒ.പികളിലും രോഗികൾ കാത്തിരിക്കുന്നത് പതിവാണ്. ഭക്ഷണം കഴിക്കാത രോഗികൾ തളർന്നു വീഴുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വൈകിയെത്തുന്ന ഡോക്ടർമാർക്ക് അധികൃതർ അടുത്തിടെ താക്കീത് നൽകിയിരുന്നു. പിടി അയഞ്ഞതോടെയാണ് പഴയ പടിയായത്.
ജില്ലാആശുപത്രിയിൽ പതിനഞ്ചോളം ഒ.പികളാണുള്ളത്. ഇതിൽ വലിയൊരു വിഭാഗവും ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവർത്തിക്കുന്നവയാണ്. ശരാശരി 2500 ഓളം പേരാണ് ഒരു ദിവസം ഇവിടെ ഒ.പിയിലെത്തുന്നത്. ന്യൂറോ, കാർഡിയോളജി ഒ.പികളുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം മൂവായിരത്തോളം വരും.
ഹൗസ് സർജന്മാരും
പകുതിയായി
നേരത്തെ ജില്ലാ ആശുപത്രിയിൽ 75 ഹൗസ് സർജന്മാർ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാർ ഹൗസ് സർജൻസി മെഡിക്കൽ കോളജുകളിലും ജനറൽ ആശുപത്രികളിലും മാത്രമാക്കി ചുരുക്കിയതോടെ പുതിയ ഹൗസ് സർജന്മാർ എത്താതെയായി. 35 ഓളം പേർ ഇക്കഴിഞ്ഞമാസം കാലാവധി പൂർത്തിയാക്കി പോയി. ജൂണിൽ കുറച്ച് പേർ കൂടി പോകും. പിന്നീട് കമ്മ്യൂണിറ്റി പ്രാക്ടീസിന്റെ ഭാഗമായി വരുന്ന വിരലിലെണ്ണാവുന്ന ഡോക്ടർമാരുടെ സേവനമേ അധികമായി ലഭിക്കു. കൺസൾട്ടന്റുമാർ എത്താൻ വൈകുമ്പോൾ പല ഒ.പികളിലും രോഗികളെ പരിശോധിച്ച് തുടങ്ങുന്നത് ഹൗസ് സർജന്മാരാണ്.
ന്യൂറോളജി ഒ.പി വീണ്ടും
ജില്ലാആശുപത്രിയിൽ ന്യൂറോളജി ഒ.പി വീണ്ടും തുടങ്ങി. പുതുതായി ന്യൂറോളജിസ്റ്റിന്റെ നേതൃത്വത്തിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഒ.പി പ്രവർത്തിക്കുക. വർക്കിംഗ് അറേയ്ഞ്ച്മെന്റിൽ എത്തിയ ഡോക്ടർ മടങ്ങിയതോടെ ഇവിടെ ചികിത്സ തേടിയിരുന്ന രോഗികൾ നേരിടുന്ന ബുദ്ധിമുട്ട് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.