കയ്പ്പേറിയ ജീവിതത്തിലും കലയിൽ ഹാട്രിക് മധുരം

Thursday 05 January 2023 11:48 PM IST

കോഴിക്കോട്: കയ്‌പ്പേറിയ ജീവിത സാഹചര്യങ്ങളോട് പൊരുതുമ്പോഴും വേദിയിൽ മനോഹരമായ ചിരിയോടെ നിറഞ്ഞാടിയ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അനൂപിന് തുടർച്ചയായ മൂന്നാം തവണയും ഹാട്രിക് മധുരം. 2018,19 വർഷങ്ങളിലും കേരളനടനം, കുച്ചുപ്പുടി, ഭരതനാട്യം എന്നിവയ്ക്ക് എ ഗ്രേഡ് നേടിയിരുന്നു. ഇത്തവണയും ഭരതനാട്യത്തിനും കുച്ചുപ്പുടിക്കും എ ഗ്രേഡും കേരളനടനത്തിന് ബി ഗ്രേഡും സ്വന്തമാക്കി. രോഗശയ്യയിലുള്ള അച്ഛന്റെയും അമ്മയുടെയും അമ്മുമ്മയുടെയും സ്വപ്നങ്ങളെയും കൂടെ കൂട്ടിയാണ് അനൂപ് കോഴിക്കോട്ടേക്ക് വണ്ടി കയറിയത്. 19 വർഷത്തോളമായി ഹൃദയ സംബന്ധമായ രോഗ ബാധിതനാണ് അനൂപിന്രെ പിതാവ് മുരളി. അമ്മ ശോഭന 6 വർഷമായി അർബുദ ബാധിതയും. മാല പണയം വച്ചും പലിശയ്ക്കെടുത്തുമൊക്കെയാണ് അനൂപ് കലോത്സവത്തിനെത്തിയത്. ചിറയിൻകീഴ് വേറ്റൂർ ജി.എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിയാണ് അനൂപ്. കഴി‌ഞ്ഞ 18 വ‌‌ർഷമായി വാടക വീട്ടിൽ കഴിയുകയാണ് കുടുംബം. തിരുവനന്തപുരം സ്വദേശിയായ ജെ.ഐവിനാണ് സൗജന്യമായി അനൂപിനെ നൃത്തം പഠിപ്പിക്കുന്നത്.

''എന്ത് പറയണം എന്നറിയില്ല, സന്തോഷമുണ്ട് വീട്ടിലെ കാര്യങ്ങൾ ആലോചിച്ച് മാത്രമേ വിഷമമുള്ളൂ. ഇനിയും ഒരുപാട് നൃത്തം ചെയ്യണം ലോകമറിയുന്ന ഒരു നർത്തകനാകണം.'' അനൂപ് പറയുന്നു.