ഫ്രഞ്ചുകാരൻ പറഞ്ഞു വാട്ട് എ മേളം
കോഴിക്കോട്: ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളം കണ്ട് വണ്ടറടിച്ചുപോയ ഫ്രഞ്ചുകാരൻ ഫ്രോൻസുവയ്ക്ക് ഒരേയൊരു പൂതി. മടങ്ങും മുമ്പ് ചെണ്ട പഠിക്കണം ! കോഴിക്കോട്ടുകാരിയും മൈക്രോസോഫ്റ്റിലെ സഹപ്രവർത്തകയുമായ ശാരികയെ കാണാനാണ് കേരളത്തിൽ എത്തിയത്. കോഴിക്കോട്ടേക്കുള്ള വരവിനിടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയെക്കുറിച്ച് അറിയുന്നത്. പിന്നെ ഒന്നും നോക്കീല . ശാരികയേയും സഹോദരി ശിശരയേയും കൂട്ടി കലാ മാമാങ്ക നഗരിലേയ്ക്ക് വച്ചു പിടിച്ചു.
ശാരികയും ശിശിരയും പഠിച്ച സെന്റ് .ജോസഫ് ഗേൾസിലേയ്ക്കാണ് ആദ്യം പോയത്. ശേഷം ബോയ്സിലെത്തി. ഈ സമയം വേദിയിൽ ചെണ്ടമേളമത്സരം കത്തിക്കേറുകയായിരുന്നു. താളം പിടിച്ചും തലയാട്ടിയും ചെണ്ടമേളത്തിൽ ലയിച്ച ഫ്രഞ്ചുകാരൻ മത്സരമെല്ലാം കണ്ട ശേഷമാണ് വേദി വിട്ടത്. തബല പഠിച്ചിട്ടുള്ള ഫ്രോൻസുവ ചെണ്ട പഠിക്കണമെന്ന ആഗ്രഹം കൂട്ടുകാരികോട് പങ്കുവയ്ക്കുകയായിരുന്നു. ആഗ്രഹം കൊള്ളാമെന്ന് പറഞ്ഞ ശാരിക ഒരുകൈ നോക്കാമെന്ന് ഉറപ്പു കൊടുത്തിട്ടുണ്ട്.