തിരുവാതിര രാവ് മനസാകെ നിലാവ്....

Friday 06 January 2023 12:01 AM IST

കോഴിക്കോട്: തിരുവാതിരയുടെ വരവറിയിച്ച് നിറനിലാവ് കുളിരണിഞ്ഞു നിന്ന ഇന്നലത്തെ നീലരാവിൽ വാനത്തിൽ താരകപ്പൂക്കൾ വിടന്നപ്പോൾ മഹാദേവന് മുന്നിൽ ചന്ദനം ചാ‌‌ർത്തിയെത്തിയ പെൺമണികൾ വിളക്ക് തെളിച്ചു, സുന്ദര പദങ്ങളാലവർ ചുവടുവച്ചു. തളി മഹാദേവ ക്ഷേത്രത്തിലെത്തിയവർക്ക് ധനുമാസരാവിൽ തിരുവാതിരക്കളി കണ്ട സന്തോഷവും

പൗർണമിയും തിരുവാതിരയും ഒത്തുചേരുന്ന ധനുമാസ രാവ് ഇന്നലെ രാത്രി 9 .26 ആരംഭിച്ചു. ഇന്ന് അർദ്ധരാത്രി വരെ തിരുവാതിരയാണ്. വ്രതം നോറ്റ് ഏഴരവെളുപ്പിനുണർന്ന്, ഗംഗയുണർത്തലും തുടിച്ചു കുളിയും പാതിരാപ്പൂചൂടലുമായി സുമംഗലികളും കന്യകമാരും ആഘോഷങ്ങളിൽ മുഴുകുന്ന ദിനമാണ് ധനുമാസ തിരുവാതിര. സുമംഗലികൾ നെടുമാംഗല്യത്തിനായി വ്രതമെടുക്കുമ്പോൾ കന്യകമാരുടെ പ്രാർത്ഥനയത്രയും മനസ്സിനിണങ്ങിയ വരനെ ലഭിക്കാനാണ്‌.

പക്ഷ, ഇന്നലെ രാവിൽ തളി മഹാദേവ ക്ഷേത്രത്തിനു മുന്നിൽ ചുവടുവച്ച കുമാരിമാരുടെ ലക്ഷ്യം എ ഗ്രേഡ് നേടുകയെന്നതായിരുന്നു. നിറഞ്ഞു കത്തുന്ന ദീപസ്തംഭത്തിനു മുന്നിൽ നിന്നവർ പ്രാർത്ഥിച്ചു. കണ്ണൂർ കരിവെള്ളൂർ എ.വി.എസ് ജി.എച്ച്.എസ്.എസിലെ ദേവനന്ദന,​ വൈഷ്ണവി,​ നിരഞ്ജന,​ സർഗപ്രിയ,​ ആര്യനന്ദ,​ റിയ,​ അമർ ജ്യോതി,​ ശ്രീലക്ഷ്മി,​ വിപിന,​ ശ്രീഗൗരി എന്നിവരാണ് സ്കൂളിന്റെ മാനം കാക്കാനായി തളി മൈതാനത്തെ വേദിയിൽ തിരുവാതിര കളി അവതരിപ്പിച്ച ശേഷം ക്ഷേത്രത്തിലെത്തിയത്.

ധനുമാസ തിരുവാതിര മഹാദേവന്റെ പിറന്നാളാണെന്നൊരു വിശ്വാസമുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിലായിരുന്നു ശിവപാർവതിമാരുടെ വിവാഹം നടന്നതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്. ഈ ഐതീഹ്യമൊക്കെ കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് ചിലർ തലയാട്ടി ചിരിച്ചു.