കുത്തിത്തിരിപ്പുകാരെ ശാന്തരാകുവിൻ
കുത്തിത്തിരിപ്പിന് എന്താ ഇപ്പോ പ്രതിവിധി? മേളക്കാരൻ ഇങ്ങനെ ചിന്തിക്കാനൊരു കാരണമുണ്ടേ. സ്കൂൾ കലോത്സവത്തിനു വരുന്ന കുട്ടികളാരും ഇതുവരെ അനക്ക് ബിരിയാണി വേണമെന്ന് പറഞ്ഞ് കേട്ടിട്ടില്ല. ഒരു രക്ഷിതാക്കളും എന്റെ കുട്ടിക്ക് കരിമീൻ പൊള്ളിച്ചത് വേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. എന്നിട്ടും ചില വിദ്വാന്മാർ സോഷ്യൽ മീഡിയിലൂടെ കുത്തിത്തിരുപ്പ് നമ്പരുകൾ ഇറക്കിയങ്ങ് വിട്ടു. പിന്നെ പുരോഗമനം വാഴയിലയിൽ നിന്നും ബിരിയാണി പാത്രത്തിലെത്തിക്കാനുള്ള വെപ്രാളമായി മറ്റ് ചിലർക്ക്. ജാതി, മതം, സവർണ്ണം, അവർണ്ണം.... മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ പോലും ഉണ്ടാകാത്ത തരം നോൺ വെജ് ചർച്ചകൾ.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇതുവരെ നൽകിവന്നിരുന്നത് വെജിറ്റേറിയൻ വിഭവങ്ങളാണെന്നും. അതിനൊരു മാറ്റം ഉണ്ടാകും എന്നതു തീർച്ചയാണെന്നും വ്യക്തമാക്കി ബഹു വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ മറുപടി കൂടി നൽകിയതോടെ വിഷയത്തിന് വേറൊരു മാനം വന്നു. ഇതെല്ലാം കരുതിക്കൂട്ടിയുണ്ടാക്കിയതാണോ എന്ന രീതിയിലേക്കും ചർച്ച മാറി.
ഇത്തരം ചർച്ച ഉണ്ടാക്കിയവർക്ക് രാഷ്ട്രീയ ഗൂഢലക്ഷ്യം ഉണ്ടെന്നു മനസ്സിലാക്കിയ സ്ഥിതിക്ക് ഒരു നോൺ വെജ് പരീക്ഷണത്തിന്റെ ആവിശ്യം ഇല്ലായിരുന്നു . മദ്യം കഴിക്കാതെ ഇതുവരെ ഫുട്ബാൾ മത്സരം കാണാത്ത പലരും ഒരു തുള്ളി ബിയർ പോലും കഴിക്കാതെ ഖത്തറിൽ വേൾഡ് കപ്പ് കണ്ടു മടങ്ങി. അപ്പോഴാണ് ഒരു നോൺ വെജ്- എന്നാണ് മന്ത്രിയുടെ കുറിപ്പിന് മറുപടിയായി ഒരാൾ കുറിച്ചത്.
ഷിജു തോമസ് എന്നൊരാളുടെ മറുപടി പ്രസക്തമായി മേളക്കാരന് തോന്നി അതിങ്ങനെ-ഈ തീരുമാനം നടപ്പിലായാൽ ബീഫിനെതിരെ സമരം, പന്നി വേണമെന്ന് സമരം, ചിക്കൻ കൊള്ളില്ലെന്ന് സമരം, വില കൂട്ടി ചിക്കൻ വാങ്ങിച്ചെന്നും പറഞ്ഞ് സമരം, ഹലാൽ വിരുദ്ധ സമരം.. ഹലാൽ വിളമ്പണമെന്നുള്ള സമരം അങ്ങനെ സമരത്തിന് ഒരു പാട് സാദ്ധ്യതകൾ തുറന്ന് ഇടും. കലോത്സവ വേദികൾ ജഗ പൊക ആകും. ഇപ്പോൾ നോൺ വെജിന് വേണ്ടി വാദിക്കുന്നവർ സർക്കാരിനെതിരെ തിരിയും. കലയുടെ വേദിയിൽ തല്ലുമാലയ്ക്ക് എന്തിനാ അവസരമുണ്ടാക്കുന്നതെന്നാണ് മേളക്കാരന് ചോദിക്കാനുള്ളത്.