ശബരിമലയിൽ മകരസംക്രമപൂജ 14ന് രാത്രി 8.45ന്

Friday 06 January 2023 12:14 AM IST

ശബരിമല: മകരവിളക്ക് ദിനത്തിലെ പ്രധാന ചടങ്ങായ മകരസംക്രമപൂജ 14 ന് രാത്രി നടക്കും. സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന രാത്രി 8.45 ന് നടക്കുന്ന മകരസംക്രമപൂജയിൽ കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻ വശം കൊടുത്തയയ്ക്കുന്ന മുദ്ര‌യിലെ നെയ്യാണ് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുക. 12 ന് പന്തളം കൊട്ടാരത്തിൽ നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി 14 ന് വൈകിട്ട് 6.30 ന് ദീപാരാധന നടക്കും. ഈ സമയം ആകാശത്ത് മകരനക്ഷത്രം ദൃശ്യമാകും. പിന്നാലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് ഇത്തവണ മകരസംക്രമ പൂജയും സംക്രമാഭിഷേകവും. രാത്രി 11.30 വരെ ദർശനം ഉണ്ടായിരിക്കും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ 12,13 തീയതികളിൽ നടക്കും. 12 ന് പ്രാസാദ ശുദ്ധിയും 13ന് ബിംബശുദ്ധിയും നടക്കും. 14 ന് രാത്രി മാളികപ്പുറത്ത് നിന്ന് എഴുന്നള്ളത്തുണ്ടാകും. 15 മുതൽ 19 വരെ പടിപൂജ. 18 ന് കളഭം.18 വരെയാണ് അഭിഷേകം. 19 ന് ഗുരുതി. 19 വരെ മാത്രമേ ഭക്തർക്ക് ദർശനം ഉണ്ടാകൂ. 20 ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മകരവിളക്ക് തീർത്ഥാടനം പൂർത്തിയാക്കി നട അടയ്ക്കും.