കരകൗശല മേഖലയി​ൽ ഓൺ​ലൈൻ മാർക്കറ്റിംഗ്: മന്ത്രി​ പി​. രാജീവ്

Friday 06 January 2023 12:42 AM IST

ആലപ്പുഴ: കരകൗശല മേഖലയിലെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഓൺലൈൻ മാർക്കറ്റിംഗ് ഏർപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ആർട്ടിസാൻസ് യൂണിയൻ (സി​.ഐ.ടി​.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിലവിലുള്ള ഷോറൂമുകളുടെ പ്രവർത്തനം വിപുലീകരിക്കും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് വി​പണി​ കണ്ടെത്തും. തൊഴിലാളികളുടെ ഐക്യം തകർക്കാൻ കേന്ദ്രം നടത്തുന്ന ശ്രമത്തിനെതിരെ ഒന്നിച്ചു പൊരുതണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ഷാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാൻ, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, അഡ്വ. എ.എം. ആരിഫ് എം.പി, സി.ബി.ചന്ദ്രബാബു, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എച്ച്.സലാം എം.എൽ.എ, പി.ഗാനകുമാർ, കെ.പ്രസാദ്, നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, നെടുവത്തൂർ സുന്ദരേശൻ, സി.വി.ജോയി എന്നിവർ സംസാരിച്ചു.

വേണ്ടത് തുടർച്ചയായ ഭരണം: മന്ത്രി സജി

പുരോഗതിക്കും വികസനത്തിനും കേരളത്തിന് ആവശ്യം തുടർ ഭരണമല്ല, തുടർച്ചയായ ഭരണമാണെന്നും ഇതിനായി എൽ.ഡി.എഫിന് കരുത്തുപകരാൻ തൊഴിലാളി സമൂഹം രംഗത്തിറങ്ങണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസംഘടിത മേഖലയിൽ പണിയെടുക്കുന്ന 90 ശതമാനം വരുന്ന തൊഴിലാളികളുടെയും ക്ഷേമത്തിനായി സർക്കാർ പദ്ധതികൾ നടപ്പാക്കുകയാണെന്നും സജിചെറിയാൻ പറഞ്ഞു. രണ്ടാംതവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി ജില്ലയിൽ നടന്ന പൊതുപരിപാടിയിൽ എത്തിയ സജി ചെറിയാനെ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ചുവന്നപട്ട് അണിയിച്ചു.