വളർത്തു മൃഗങ്ങളുടെ ചികിത്സയ്ക്ക് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ, കേന്ദ്രമന്ത്രി ഫ്ലാഗ് ഒഫ് ചെയ്തു

Friday 06 January 2023 12:43 AM IST

പോത്തൻകോട്: വളർത്തു മൃഗങ്ങളെ ഉടമകളുടെ വീട്ടുപടിക്കലെത്തി ചികിത്സിക്കുന്നതിനായി തയ്യാറാക്കിയ 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ ഫ്ലാഗ് ഒഫ് കേന്ദ്രമന്ത്രി പർഷോത്തം രുപാല നിർവഹിച്ചു.'ലൈവ്‌സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ' എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായാണ് മൊബൈൽ യൂണിറ്റുകൾ അനുവദിച്ചത്. ഇതിനായി കേന്ദ്രം നൽകിയത് 4.64 കോടി രൂപ. സംസ്ഥാനത്തെ 29 ബ്ലോക്കുകളിലേക്കാണിത്. ഇടുക്കിയിൽ മൂന്ന് ബ്ലോക്കുകളിലേക്കും മറ്റു ജില്ലകളിൽ 2 ബ്ലോക്കുകളിൽ വീതവുമാകും നൽകുക. യൂണിറ്റുകളുടെ തുടർനടത്തിപ്പ് ചെലവ് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. ഓരോ വാഹനത്തിലും ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്റ്, ഒരു ഡ്രൈവർ കം അറ്റൻഡർ എന്നിവർ ഉണ്ടാകും.സർജറി ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെ വാഹനത്തിലുണ്ട്.

ഉച്ചയ്ക്ക് ഒരുമണി മുതൽ രാത്രി 8വരെയാണ് സേവനം. അത്യാവശ്യ ഘട്ടങ്ങളിൽ കൂടുതൽ സമയം അനുവദിക്കാനും ആലോചിക്കുന്നു. കഴക്കൂട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിനോയ് വിശ്വം എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ, മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ എ.കൗശിഗൻ തുടങ്ങിയവർ പങ്കെടുത്തു.

നിരക്ക് കന്നുകാലികൾ, കോഴികൾ എന്നിവയുടെ ചികിത്സയ്ക്ക് 450 രൂപ

കൃത്രിമ ബീജദാനത്തിന് 50 രൂപ അധികം

അരുമ മൃഗങ്ങളുടെ ചികിത്സ 950 രൂപ

സേവനം ലഭിക്കാൻ

ടോൾഫ്രീ നമ്പർ- 1962