തെന്മലയിൽ കനത്ത കാറ്റ്, മരം ഒടിഞ്ഞുവീണ് തട്ടുകട തകർന്നു
പുനലൂർ: തെന്മലയിൽ കനത്ത കാറ്റിൽ മരം ഒടിഞ്ഞുവീണ് തട്ടുകട തകർന്നു. തെന്മല ഡാം ജംഗ്ഷന് സമീപത്തെ മരുത മുത്തുവിന്റെ കടയാണ് പൂർണമായും തകർന്നത്. ഇന്നലെ പുലർച്ചെ 5ന് തെന്മല ഡാം -കുളത്തൂപ്പുഴ പാതയോരത്ത് നിന്ന മരമാണ് ഒടിഞ്ഞുവീണത്. അപകട സമയത്ത് തെങ്കാശിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് കാരണം വൻ അപകടം ഒഴിവായി. അപകട സമയത്ത് കട തുറക്കാതിരുന്നത് കാരണം അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. തെന്മല -കുളത്തൂപ്പുഴ പാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ മുറിച്ച് നീക്കണമെന്ന് വാർഡ് അംഗം തെന്മല നാഗരാജ് ആവശ്യപ്പെട്ടു. തെന്മല ഡാം റോഡിലെ ഇറക്കം ഇറങ്ങി അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന കടകളിൽ ഇടിച്ച് കയറാൻ സാദ്ധ്യതയുള്ളത് കാരണം കച്ചവടക്കാരെ മാറ്റി പാർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.