കഞ്ചിക്കോട്ടെ സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ

Saturday 07 January 2023 12:24 AM IST

പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയിലെ സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ (എം.എസ്.ഇ) ഇനി ക്ലസ്റ്റർ അടിസ്ഥാനത്തിൽ വികസിപ്പിക്കും. ഇതിന് വ്യവസായ വകുപ്പ് മാർഗരേഖ തയ്യാറാക്കി. ഉല്പാദനരീതി, സാങ്കേതികവിദ്യ, നഷ്ടസാധ്യത തുടങ്ങിയവയിൽ സാമ്യമുള്ള സംരംഭങ്ങളെ കോർത്തിണക്കിയാണ് ക്ലസ്റ്റർ ഒരുക്കുക.

കഞ്ചിക്കോട് പുറമെ കൊച്ചിയടക്കമുള്ള വ്യവസായ മേഖലകളിലെ സംരംഭങ്ങളും ക്ലസ്റ്റർ അടിസ്ഥാനത്തിൽ വികസിപ്പിക്കും. ഓരോ മേഖലയുടെയും പ്രത്യേകത അനുസരിച്ച് സംരംഭങ്ങളുടെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള കോമൺ ഫെസിലിറ്റി സെന്റർ (സി.എഫ്.സി.) തുടങ്ങാനും നടപടിയുണ്ടാകും. സി.എഫ്.സി.കൾ വഴി സംരംഭങ്ങൾക്കാവശ്യമായ പ്രവർത്തന മൂലധനം, സാങ്കേതിക സഹായം, ഉല്പന്ന ബ്രാൻഡിംഗ്, വിപണി സഹായം എന്നിവ ഒരുക്കാനും നടപടിയുണ്ടാകും.