ശീതകാല പച്ചക്കറി സമൃദ്ധിയിൽ നെല്ലിയാമ്പതി

Saturday 07 January 2023 12:05 AM IST
നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലെ ശീതകാല പച്ചക്കറി വിളവെടുപ്പ്.

നെല്ലിയാമ്പതി: ശീതകാല പച്ചക്കറി വിളവെടുപ്പ് സമൃദ്ധിയിലാണ് സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം. കോളിഫ്ളവർ, കാബേജ്, ബീറ്റ്‌റൂട്ട്, കാരറ്റ്, റാഡിഷ്, ബീൻസ്, ഉരുളക്കിഴങ്ങ്, ചൈനീസ് കാബേജ്, ബ്രൊക്കോളി, നോൽക്കോൾ, ബട്ടർ ബീൻസ്, വയലറ്റ് കാബേജ് തുടങ്ങിയ പച്ചക്കറികളാണ് ഫാമിൽ വിളഞ്ഞത്. നിലവിൽ അഞ്ച് ടൺ പച്ചക്കറി വിളവെടുത്തു. കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വിളവെടുപ്പ് അടുത്ത ഘട്ടത്തിൽ നടക്കും.

ഫാമിലെ എട്ട് ഹെക്ടർ ഭൂമിയിലാണ് കൃഷി. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിത്തുകളും തൈകളും പോളി ഹൗസുകളിൽ വളർത്തിയ ശേഷമാണ് നടുന്നത്. ആകെ 208 ഹെക്ടറിലുള്ള ഫാമിൽ പച്ചക്കറിക്ക് പുറമെ ഓറഞ്ച്, പാഷൻ ഫ്രൂട്ട്, പേര, റംബൂട്ടാൻ, ചെറി, മിറക്കിൾ ഫ്രൂട്ട്, മൂസമ്പി, ഡ്രാഗൺ ഫ്രൂട്ട്, പീച്ച് തുടങ്ങിയ പഴങ്ങളും ഓർക്കിഡ്, ആന്തൂറിയം, ജർബറ, ഹൈഡ്രാഞ്ചിയ, പോയിൻ സൈറ്റിയ തുടങ്ങിയ വിവിധയിനം പൂക്കൃഷിയുമുണ്ട്.

25 ഏക്കറിലാണ് പാഷൻ ഫ്രൂട്ട് കൃഷി. ആറായിരത്തോളം ഓറഞ്ച് തൈകളും നട്ടിട്ടുണ്ട്. 163 തൊഴിലാളികളും 20ഓളം മറ്റ് ജീവനക്കാരും പ്രവർത്തിക്കുന്നു. ഫാമിലെ കാർഷിക കാഴ്ച ഉൾപ്പെടുത്തിയുള്ള മാതൃക തോട്ടം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ഫാമിലെ പഴം സംസ്കരണ ശാലയിൽ ജാം, ജെല്ലി, സ്ക്വാഷ്, അച്ചാർ തുടങ്ങി 45 ഇനങ്ങൾ തയ്യാറാക്കി വില്പന നടത്തുണ്ട്. ഓറഞ്ച്, പാഷൻ ഫ്രൂട്ട്, ലെമൺ, ഗുവ സ്ക്വാഷുകൾ, ജെല്ലികൾ, അച്ചാറുകൾ, മിക്സഡ് ഫ്രൂട്ട് ജാം തുടങ്ങി 10 മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഫ്രൂട്ട് നെൽ എന്ന പേരിൽ ഓൺലൈനായും വിപണനം നടത്തുന്നുണ്ട്. ഫാം ടൂറിസത്തിന്റെ സാദ്ധ്യത കൂടുതൽ പ്രയോജനപ്പെടുത്തുക, ഫ്ലോറികൾച്ചർ വാണിജ്യ സാദ്ധ്യത കണ്ടെത്തുക തുടങ്ങി പ്രവർത്തനങ്ങൾ കൂടുതൽ വിപുലപെടുത്താനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്.

Advertisement
Advertisement