പാരാ മെഡി. പരിശീലന കേന്ദ്രം വിദ്യാർത്ഥികൾക്ക് താമസ സൗകര്യത്തിൽ പാര

Saturday 07 January 2023 12:16 AM IST
പഴമ്പാലക്കോട് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റൽ

ആലത്തൂർ: എല്ലാ സൗകര്യങ്ങളുമുള്ള മൂന്നുനില ഹോസ്റ്റൽ കെട്ടിടം നിർമ്മിച്ചിട്ട് വർഷം രണ്ടുകഴിഞ്ഞെങ്കിലും പഴമ്പാലക്കോട് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ താമസ സൗകര്യമന്വേഷിച്ച് നെട്ടോട്ടത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വലിയ തുക നൽകി സ്വകാര്യ ഹോസ്റ്റലുകളിലും വാടക വീടുകളിലും താമസിച്ചാണ് പഠിക്കുന്നത്. ഒരു ബാച്ചിൽ 32 പേർ വീതം ആകെ 64 വിദ്യാർത്ഥികളാണ് ഇൻസ്റ്റിറ്റ്യൂട്ടിലുള്ളത്. ഭൂരിഭാഗവും പെൺകുട്ടികളാണ്.

ഹോസ്റ്റൽ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനോ താത്കാലിക നിയമനം നടത്താനോ സർക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഹോസ്റ്റൽ പ്രവർത്തനത്തിന് രണ്ടുവീതം ഹൗസ് കീപ്പർമാർ, വാച്ചർമാർ, പാചകക്കാർ എന്നിവരെ നിയമിക്കണം.

അധികൃതർ ആരോഗ്യവകുപ്പിന് പല തവണ കത്തുനൽകിയിട്ടും നടപടിയില്ല. ഇവിടെ രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സാണ് നടത്തുന്നത്. റെസിഡൻഷ്യൽ പഠനവും പരിശീലനവും കോഴ്സിന്റെ ഭാഗമല്ലാത്തതിനാൽ ഹോസ്റ്റൽ അനുവദിക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

4.55യുടെ കോടി പദ്ധതി

ആരോഗ്യവകുപ്പിന് കീഴിലാണ് ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് നടത്തുന്നത്. വിദ്യാർത്ഥികളിൽ 80 ശതമാനവും പട്ടികജാതി വിഭാഗക്കാരും 10 ശതമാനം വീതം പട്ടികവർഗ, ജനറൽ വിഭാഗക്കാരുമാണ്.

പഴമ്പാലക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികിത്സ വാർഡ് ഉപയോഗപ്പെടുത്തി 2008ൽ അന്നത്തെ മന്ത്രി എ.കെ.ബാലൻ മുൻകൈയെടുത്താണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചത്. 11 വർഷം അവിടെ പ്രവർത്തിച്ച ശേഷം രണ്ട് വർഷം മുമ്പാണ് തരൂരിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത്. തരൂർ ഗവ.ആയുർവേദ ആശുപത്രിയോട് ചേർന്ന് 50 സെന്റ് സ്ഥലം ഇതിനായി ലഭ്യമാക്കി. പട്ടികജാതി വികസന വകുപ്പിന്റെ 4.55 കോടി രൂപയാണ് ഇൻസ്റ്റിറ്റ്യൂട്ടിനും ഹോസ്റ്റലിനുമായി വിനിയോഗിച്ചത്. ഹോസ്റ്റലിൽ ഡൈനിംഗ് ഹാൾ, അടുക്കള, സ്റ്റോർ റൂം, വർക്ക് ഏരിയ, സർവിംഗ് റൂം, വാഷിംഗ് റൂം, ജീവനക്കാർക്ക് വിശ്രമ മുറി എന്നിവ നിർമ്മിച്ചിട്ടുണ്ട്.