കാർബൺ ന്യൂട്രലാകാൻ ഇന്ത്യ; ആദ്യ ഹരിത ബോണ്ട് ലേലം 25-ന്

Saturday 07 January 2023 2:37 AM IST

ന്യൂഡൽഹി: രാജ്യത്ത് പൊതുമേഖലയിൽ പ്രകൃതിസൗഹൃദ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന് വേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന സോവറിൻ ഗ്രീൻ ബോണ്ടിന്റെ (ഹരിത ബോണ്ട്/കടപ്പത്രം) ആദ്യ ലേലം 26ന് നടക്കും. ഫെബ്രുവരി 9നാണ് രണ്ടാംഘട്ട ലേലം.

ഓരോഘട്ടത്തിലും 8,000 കോടി രൂപ വീതം മൊത്തം 16,000 കോടി രൂപയാണ് സമാഹരിക്കുക. 5 വർഷം, 10 വർഷം എന്നിങ്ങനെ കാലാവധിയിൽ 4,000 കോടി രൂപ വീതമുള്ള കടപ്പത്രങ്ങളാണ് പുറത്തിറക്കുന്നത്. സ്ഥിരവില (യൂണിഫോം പ്രൈസ്) അടിസ്ഥാനത്തിലാണ് ലേലം. കാർബൺ വികിരണം കുറച്ച്, ഇന്ത്യയെ കാർബൺ ന്യൂട്രലാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രീൻ ബോണ്ട് പുറത്തിറക്കുമെന്ന് കഴിഞ്ഞ ബഡ്‌ജറ്റിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്.

ഹരിതപദ്ധതികൾക്ക് പണം ഉറപ്പാക്കും 2070ഓടെ ഇന്ത്യയെ പൂർണമായും ഹരിതോർജോപയോഗ രാജ്യമാക്കുകയെന്ന (നെറ്റ് സീറോ എമിഷൻസ്) ലക്ഷ്യം നേടാനുള്ള നടപടികളുടെ ഭാഗമാണ് ഹരിത ബോണ്ട്. സൗരോർജം, ചെറുകിട വിൻഡ്‌മിൽ, ജലവൈദ്യുതി, ജൈവകൃഷി, ഇലക്‌ട്രിക് ഗതാഗതം തുടങ്ങിയ പദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കാനാണ് ഹരിത ബോണ്ട് അവതരിപ്പിക്കുന്നത്.