അപകടങ്ങളിൽ മാത്രം ഉണരുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ്

Saturday 07 January 2023 12:00 AM IST

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുന്നതായി മാറുകയാണോ നമ്മുടെ ഭക്ഷ്യസുരക്ഷാ സംവിധാനം എന്നുവേണം അനുമാനിക്കാൻ. കോട്ടയത്തു ഭക്ഷ്യവിഷബാധയേറ്റു യുവതി മരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ആകമാനം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന എന്ന പ്രഹസനം നടന്നു. ഒറ്റദിവസം കൊണ്ട് നാനൂറിലധികം ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു എന്നും പറയപ്പെടുന്നു. എന്തുകൊണ്ടാണ് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്ന ഇക്കൂട്ടർക്ക് സ്ഥിരമായി ഹോട്ടലുകളിൽ പരിശോധന നടത്താൻ കഴിയാത്തത്.

സംസ്ഥാനത്തു ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സർവസാധനങ്ങളിലും മായമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പക്ഷേ ഒരപകടം ഉണ്ടാകുമ്പോഴോ അന്വേഷണ റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വരുമ്പോഴോ മാത്രം പരിശോധനയെന്ന പ്രഹസനം നടത്തുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വന്തമായി നാളിതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? കുറെയധികം ഉദ്യോഗസ്ഥർ ഇതുപോലെ വെള്ളാനകളായി പല വകുപ്പുകളിൽ ഉണ്ടെങ്കിലും ജനങ്ങൾക്ക് നാളിതുവരെ ഗുണമൊന്നും ഉണ്ടായിട്ടില്ല . ഉണ്ടെങ്കിൽ ഇതുപോലെ ഭക്ഷ്യവിഷബാധ മരണങ്ങൾ അടിക്കടി ഉണ്ടാകുമോ ?

അജയ് .എസ്. കുമാർ

പ്ലാവോട് , തിരുവനന്തപുരം

യാത്രക്കാരെ

ദുരിതത്തിലാക്കരുത് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിനുകളിൽ പകൽ സ്ലീപ്പർ ടിക്കറ്റുകൾ നിറുത്തലാക്കിയ നടപടി യാത്രക്കാരെ ദുരിതത്തിലാക്കുന്നതാണ്. മിക്ക ദീർഘദൂര ട്രെയിനുകളിലും രണ്ട് അൺ റിസർവേഡ് ബോഗികൾ മാത്രമാണുള്ളത്. കൂടുതൽ ബോഗികൾ അനുവദിച്ചശേഷം മാത്രം ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടതായിരുന്നു. ഹ്രസ്വദൂര യാത്രക്കാർക്ക് ഇനി സ്ലീപ്പറിൽ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യേണ്ട അവസ്ഥയാണ്. അതിനാൽ ദീർഘദൂര ട്രെയിനുകളിൽ ഇരുന്ന് യാത്ര ചെയ്യാനുള്ള പ്രത്യേക കോച്ചുകൾ അനുവദിക്കുകയോ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുകയോ വേണം. ആർ. ജിഷി കൊട്ടിയം