കാട്ടാനയെ തുരത്താൻ ആണിക്കെണി, വനംവകുപ്പ് രംഗത്ത്
കൊച്ചി: കാട്ടാനയെ തുരത്താൻ സ്വകാര്യ ഭൂമിക്ക് ചുറ്റും മണ്ണിൽ കോൺക്രീറ്റ് ചെയ്ത് ആണികൾ സ്ഥാപിച്ച് റിസോർട്ട് ഉടമയുടെ ക്രൂരത. എറണാകുളം പെരുമ്പാവൂരിൽ വിനോദസഞ്ചാര മേഖലയായ പാണംകുഴികടവിന് സമീപം വനാതിർത്തിയിൽ പെരിയാറിന്റെ തീരത്ത് ഒരേക്കറിലുള്ള റിസോർട്ടിന് ചുറ്റുമാണ് ഒന്നര മീറ്റർ വീതിയിൽ ഭൂനിരപ്പിൽ കോൺക്രീറ്റ് ഇട്ടശേഷം നാലിഞ്ച് നീളമുള്ള മൂർച്ചയേറിയ ഇരുമ്പാണികൾ പാകിയിട്ടുള്ളത്. 600 മീറ്ററോളം ചുറ്റളവിൽ ലക്ഷങ്ങൾ മുടക്കിയ ആണിക്കെണി നിർമ്മാണം ഒരാഴ്ച മുമ്പ് പൂർത്തിയാക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവിടം സന്ദർശിച്ചിരുന്നു.
കാലിൽ ആണി കയറിയാൽ ദിവസങ്ങൾക്കുള്ളിൽ ആന അണുബാധയേറ്റ് ചരിയുമെന്ന് ഉറപ്പാണ്. വന്യമൃഗങ്ങളെ തുരത്താനുള്ള ഇത്തരമൊരു കെണി ഇതാദ്യമായാണ് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
സ്വകാര്യ ഭൂമിയാണെങ്കിൽ പോലും അപകടകരമായ ഇത്തരം പ്രവൃത്തികൾ കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം മൃഗവേട്ട അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാം. വനം വകുപ്പിന്റെ മലയാറ്റൂർ ഡിവിഷൻ കോടനാട് റേഞ്ചിൽ ഉൾപ്പെട്ടതാണ് ഈ മേഖല. ഇവിടെ ആനശല്യം പതിവാണ്. മാസങ്ങൾക്ക് മുമ്പ് പ്രദേശത്ത് പുലിയും ഇറങ്ങിയിരുന്നു.
ആനക്കെണി പൊളിച്ചുമാറ്റാൻ ഭൂഉടമയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. വീഴ്ചയുണ്ടായാൽ ശക്തമായ നടപടികളെടുക്കും.
രവികുമാർ മീണ
ഡി.എഫ്.ഒ, മലയാറ്റൂർ വനം ഡിവിഷൻ