കലയുടെ മണിപ്പന്തൽ ഇന്ന് ചമയമഴിക്കും

Friday 06 January 2023 10:49 PM IST

 കലാകിരീടം തിരിച്ചുപിടിക്കാൻ കോഴിക്കോട്, പിന്നിൽ കണ്ണൂർ

കോഴിക്കോട്: കടലോളം കലനിറഞ്ഞ മൊഞ്ചുള്ള അഞ്ച് നാളുകകൾ... അരങ്ങിൽ അടിത്തിമിർത്ത നാളെയുടെ കലാകേരളം... ഒന്നാമതെത്താനുള്ള ജില്ലകളുടെ കടുത്ത പോര്,

കരയെ തേടിയെത്തുന്ന തിര പോലെ ഒഴുകിയെത്തിയ ജനലക്ഷങ്ങൾ... കലയുടെ മഹോത്സവം ഇന്ന് ചമയമഴിക്കും.

കഴിഞ്ഞ കാലങ്ങളിൽ നഷ്ടപ്പെട്ട കലാകിരീടം തിരിച്ചുപിടിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് കോഴിക്കോട്. 854 പോയിന്റുമായി ഒന്നാമത് നിൽക്കുന്ന കോഴിക്കോടിന്റെ ലീഡ് ആറ് പോയിന്റ് മാത്രം. 848 പോയിന്റോടെ കണ്ണൂരാണ് രണ്ടാമത്. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 839 പോയിന്റുമായി മൂന്നാമതുണ്ട്. തൃശൂർ നാലാമതും മലപ്പുറം അഞ്ചാമതുമാണ്.

മുഖ്യവേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് നടക്കുന്ന ഗ്ലാമർ ഇനമായ ഹയർ സെക്കൻഡറി വിഭാഗം നാടോടി നൃത്തം ഉൾപ്പെടെ 11 മത്സരങ്ങളാണ് 11 വേദികളിലായി ഇന്ന് നടക്കുക. പരിചമുട്ട്, ചെണ്ടമേളം, കേരളനടനം വഞ്ചിപ്പാട്ട്, ചമ്പു പ്രഭാഷണം, വയലിൻ, ട്രിപ്പിൾ ജാസ്, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം എന്നിവയാണ് ഇന്ന് നടക്കുക. വൈകിട്ട് 5ന് മുഖ്യ വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.