വീൽച്ചെയറിലും ദിവ്യയുടെ ഓർമ്മകൾക്ക് കലോത്സവക്കിലുക്കം

Friday 06 January 2023 10:49 PM IST

കോഴിക്കോട്: കേരളനടന ചുവടുകളിൽ കൃത്യതയും മുദ്രകളിൽ ലാളിത്യവും ചേർത്ത് വേദിയിൽ ന‌ർത്തകിമാർ കേരളനടനമാടിയപ്പോൾ പണ്ട് ചിലങ്കകെട്ടിയാടിയ കാലുകൾ വീൽച്ചെയറിലിരുന്ന് ചലിപ്പിക്കാനുള്ള പാഴ്ശ്രമത്തിലായിരുന്നു ദിവ്യ ഷിബു.

കൗമാര നടനം ആസ്വദിക്കുമ്പോഴേക്കും ഓർമ്മകൾ പഴയ കലോത്സവകാലത്തിന്റെ ചിലങ്കകിലുക്കി. വേദിവിട്ടിറങ്ങുന്ന ഓരോരുത്തരെയും അടുത്തുവിളിച്ച് അഭിനന്ദനം അറിയിക്കുന്ന ദിവ്യ ഷിബു കാഴ്ചക്കാർക്കും നൊമ്പരമായി.

കോഴിക്കോടിന്റെ അഭിമാന നർത്തകി തൊണ്ടയാട് കൈലാസപുരിയിൽ ദിവ്യ ഷിബുവിനെ (39) വീൽച്ചെയറിലേയ്ക്ക് ഒതുക്കിയത് അപ്രതീക്ഷിത ദുരന്തമാണ്. വീടിന്റെ സൺഷെയ്ഡ് വൃത്തിയാക്കുന്നതിനിടെ പിടിവിട്ടുള്ള വീഴ്ച വലിയ സ്വപ്നങ്ങളുടെ മുകളിലേയ്ക്കായിരുന്നു. ഇനി നടക്കാനാവില്ലെന്ന ഡോക്ടറുടെമറുപടിയിൽ ഉള്ളുലഞ്ഞുപോയി. ഭരതനാട്യത്തിനും കുച്ചുപ്പുടിക്കും മോഹിനിയാട്ടത്തിനുമൊക്കെ പങ്കെടുത്ത വേദികൾ കീഴടക്കിയ ഓർമ്മകൾ നിറയുമ്പോൾ ചിലങ്ക നെഞ്ചോട് ചേർത്തുവയ്ക്കും. ശരീരത്തിന്റെ അവസ്ഥ മനസിനെ പറഞ്ഞു പഠിപ്പിച്ചു. ഇനിയൊരിക്കലും കരയില്ലെന്ന് ശപഥം ചെയ്തു. ഭർത്താവ് ഷിബു നടത്തുന്ന മെഡിക്കൽ സ്റ്റോറിന്റെ പ്രധാന ചുമതലക്കാരിയാണ് ദിവ്യ ഇപ്പോൾ.

എവിടെ നൃത്തവേദികളുണ്ടെങ്കിലും കാഴ്ചക്കാരിയായി ഇപ്പോൾ ദിവ്യ വീൽച്ചെയറിലെത്തും. മത്സരം തീരുംവരെയും അവിടെ ഇരുന്നു, പരിചയം പുതുക്കാനും വിശേഷങ്ങൾ ചോദിക്കാനുമായി ഓരോരുത്തരും ദിവ്യയ്ക്കരികിലെത്തിയപ്പോൾ സങ്കടം മറന്ന് അവർ വാചാലയായി. പ്ളസ് വൺ വിദ്യാർത്ഥിനിയായ മകൾ ആവണിയെയും നാലാം ക്ളാസ് വിദ്യാർത്ഥിനിയായ അനയിനെയും കൂടെക്കൂട്ടിയിരുന്നു. തന്റെ കാലുകൾ അല്പമെങ്കിലും ചലിച്ചുതുടങ്ങിയെങ്കിൽ ചിലങ്ക കെട്ടിയേനെയെന്ന് പറയുമ്പോൾ എല്ലാവരുടേയും ഉള്ളിൽ നോവ് പടർന്നു!.