പമ്പുഹൗസ് നിലംപൊത്താറായി, അറി​യണം, അഴകനാപ്പാറയിലെ അപകടം

Saturday 07 January 2023 12:49 AM IST
കല്ലുപ്പാറ പഞ്ചായത്തിലെ നിലംപൊത്താറായ അഴകനാപ്പാറ പമ്പ് ഹൗസ്

മല്ലപ്പള്ളി : കല്ലൂപ്പാറ പഞ്ചായത്തിൽ നാലുവാർഡുകളിൽ കുടിവെള്ളം ലഭ്യമാക്കുന്ന അഴകനാപ്പാറ പമ്പുഹൗസ് കാടുകയറി തകർന്ന് നിലംപൊത്താറായി. പഞ്ചായത്തിൽ കുടിവെള്ളക്ഷാമത്തിന് പരിഹരിക്കുന്നതിനായി 40 വർഷം മുമ്പ് ആരംഭിച്ച പദ്ധതിയാണിത്. 9-ാം വാർഡിലുള്ള പമ്പ് ഹൗസിൽ നിന്ന് ചെറുമാത, കല്ലൂർ ചാക്കംഭാഗം, കാടമാൻകുളം എന്നീ വാർഡുകളിലേക്കാണ് ജലവിതരണം നടത്തുന്നത്. മണിമലയാറിന്റെ സമീപത്തെ പമ്പ് ഹൗസ് തകർച്ചയുടെ വക്കിലായത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. 1982ൽ പണിത പമ്പ് ഹൗസിന്റെ മോട്ടോർ ഷെഡ് ഏത് നി​മി​ഷവും നി​ലംപതി​ക്കാം. കഴിഞ്ഞ വർഷം ഷെഡിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും വിണ്ടുകീറിയ ചുവരുകൾ അപകടാവസ്ഥയി​ലാണ്. ഒരുലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ളതാണ് പമ്പ് ഹൗസ്. താൽക്കാലിക ജീവനക്കാരായ രണ്ട് ഓപ്പറേറ്റർമാരാണുള്ളത്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ നെടുമ്പാറ, പഴുക്കാലക്കുന്ന്, നരിക്കുട്ടൻപാറ, കടമാൻകുളം എന്നിവിടങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്നതും ഇവിടെ നി​ന്നെത്തുന്ന വെള്ളത്തെയാണ്. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളി​ലും കിണറുകളില്ല. ശുദ്ധജല ലഭ്യതയ്ക്ക് ഏകമാർഗം അഴകനാപ്പാറയിലെ പമ്പ് ഹൗസ് ആയിട്ടും അറ്റകുറ്റപണികൾ നടത്തുന്നതിനോ, ഭിത്തികൾ ബലപ്പെടുത്തുന്നതി​നൊ, കാടുകൾ നീക്കം ചെയ്യുന്നതിനോ അധികൃതർ തയ്യാറാകുന്നില്ല. പമ്പുഹൗസിന്റെ സമീപവും കാടുകയറിയ നിലയിലാണ്. പമ്പുഹൗസിന്റെയും മോട്ടർ ഷെഡിന്റെയും അപാകതകൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെയും വകുപ്പ്തല ജീവനക്കാരുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

സാധാരണക്കാരായ ആളുകൾ താമസി​ക്കുന്ന പ്രദേശത്തെ ഏക ആശ്രയമാണ് അഴകനാപ്പാറയിലെ ശുദ്ധജല വിതരണ പദ്ധതി. ഇവിടെ ഉയരം കൂടിയ പ്രദേശങ്ങളിൽ ജലലഭ്യത ഉറപ്പില്ലാത്തതിനാൽ കിണർ കുഴിക്കുക പ്രായോഗികമല്ല. പമ്പുഹൗസിന്റെ പ്രവർത്തനം നിലച്ചാൽ പ്രദേശവാസികൾ ദുരിതത്തിലാവും.

രാധാമണിയമ്മ, പ്രദേശവാസി