ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണവും പുരസ്കാര സമർപ്പണവും

Saturday 07 January 2023 12:51 AM IST

കൊച്ചി: 19-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ രക്തസാക്ഷിത്വ അനുസ്മരണവും പ്രതിഭാപുരസ്കാര വിതരണവും 9ന് ആലുവ അദ്വൈതാശ്രമത്തിൽ നടത്തും. അദ്വൈതാശ്രമവും സാമൂഹിക മുന്നേറ്റ മുന്നണിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സവർണ്ണ മേധാവിത്വത്തിനെതിരെ നിരവധി ഒറ്റയാൾ പോരാട്ടങ്ങൾ നടത്തിയ വേലായുധപ്പണിക്കർ 49 ാം വയസിൽ 1874 ജനുവരി 3ന് അർദ്ധരാത്രി അജ്ഞാതരുടെ ഒളിയാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. 9ന് വൈകിട്ട് 4.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സാമൂഹിക മുന്നേറ്റമുന്നണി ചെയർമാൻ കെ.പി.അനിൽദേവ് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സ്വാമി ധർമ്മചൈതന്യ നവോത്ഥാന സന്ദേശം നൽകും. ജെബി മേത്തർ എം.പി 'നവോത്ഥാനവും സ്ത്രീവിമോചനവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. കാനം രാജേന്ദ്രൻ, ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, സംവിധായകൻ വിനയൻ, ഫാ. ഡേവിസ് ചിറമേൽ എന്നിവർക്ക് ആറാട്ടുപുഴ വേലായുധപ്പണിക്കർ നവോത്ഥാന പ്രതിഭാ പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്യും. 19ാം നൂറ്റാണ്ട് എന്ന സിനിമയിലെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും ആദരിക്കും.

ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, കെ.പി. അനിൽ ദേവ്, സംഘാടകരായ വി.ഡി. രാജൻ, വൈ.അനിൽകുമാർ, കെ. രാജീവൻ, വിദ്യ പുഷ്പൻ, സിന്ധു ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.