മൈക്കിനെ ചൊല്ലി ഓട്ടൻതുള്ളലിൽ തുള്ളൽ

Friday 06 January 2023 10:52 PM IST

കോഴിക്കോട്: ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഓട്ടൻ തുള്ളൽ മത്സരത്തിനിടെ മത്സരാർത്ഥിക്കായുള്ള മൈക്ക് ഓണാക്കുന്നതിനെ ചൊല്ലിബഹളം. എറണാകുളം സ്വദേശി നദുകൃഷ്ണനാണ് മൈക്ക് ഇല്ലാതെ മത്സരിക്കേണ്ടി വന്നത്. കളിച്ചു തുടങ്ങിയപ്പോഴെ മൈക്ക് ഓൺ അല്ലാതിരുന്നത് ശ്രദ്ധയിൽപ്പെട്ടു. മൈക്കിൽ തൊടാനുള്ള അധികാരം ഇല്ലാത്തതിനാൽ മൈക്കില്ലാതെ കളിച്ച് പൂർത്തിയാക്കുകയായിരുന്നു.

മത്സരം കഴിഞ്ഞതോടെ പിതാവാണ് സംഘാടകരെ ചോദ്യം ചെയ്തത്. വേദിയ്ക്ക് പുറകിലെത്തി ചോദിച്ചപ്പോൾ ആർക്കും അറിയില്ല എന്ന് പറഞ്ഞതോടെവേദിക്കുള്ളിലേക്ക് കയറി. ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് രോഷാകുലനായ അദ്ദേഹം ബഹളം വച്ചത്. തുടർന്ന് പൊലീസ് എത്തി പുറത്തെത്തിച്ചു. സ്റ്റേജ് മാനേജർ അടക്കമുള്ളവർ എത്തി പരിഹാരം കാണാം എന്ന് ഉറപ്പ് നൽകി. 10 മിനിട്ടിന് ശേഷം മത്സരം പുനരാരംഭിച്ചു.

മൈക്ക് ഓണാക്കിയതാണെന്നും കുട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം ആയിരുന്നതിനാൽ മൈക്ക് ഓണാകാതിരുന്നത് ശ്രദ്ധയിൽപ്പെട്ടില്ല എന്നാണ് സ്റ്റേജിലിരുന്ന അദ്ധ്യാപകർ പറഞ്ഞത്.300ലധികം വേദികളിൽ ഓട്ടൻ തുള്ളൽ കളിച്ചിട്ടുള്ള കലാകാരനാണ് നദുക‌ൃഷ്ണനും അദ്ദേഹത്തിന്രെ ഇരട്ട സഹോദരൻ നിദു കൃഷ്ണനും. റിപബ്ലിക് ദിന പരേഡിൽ തുള്ളൽ അവതരിപ്പിക്കാനായി ഡൽഹിയിലാണ് നിദു.