പ്ലാസ്റ്റിക്ക് നിർമ്മാർജനത്തിൽ ഹരിതകർമ്മ സേന ഗംഭീരം; ഒരുവർഷത്തിനുള്ളിൽ ശേഖരിച്ചത് 4836 ടൺ പ്ലാസ്റ്റിക്

Saturday 07 January 2023 12:52 AM IST

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്രിക്ക് നീക്കത്തിന് വിശ്രമമില്ലാതെ യത്നിക്കുന്ന ഹരിത കർമ്മസേനയ്ക്ക് വൻ നേട്ടം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഹരിതകർമ്മ സേന ശേഖരിച്ചത് 4836 ടൺ പ്ലാസ്റ്റിക് മാലിന്യം. ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും കുടുംബശ്രീയുടെയും മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഹരിതകർമ്മ സേന സംസ്ഥാനത്ത് പ്രവ‌ർത്തിക്കുന്നത്.

സുസ്ഥിര മാലിന്യനിർമ്മാർജന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹരിത കർമ്മ സേന രൂപംകൊണ്ടത്. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന 28,235 ഹരിതകർമ്മസേനാംഗങ്ങൾ ചേർന്നാണ് 4836 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്. സർക്കാർ ശമ്പളമില്ലാതെ യൂസർ ഫീസ് മാത്രം വാങ്ങിയാണ് വീടുകളിൽ നിന്ന് സേനാംഗങ്ങൾ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്രതിഫലമായി നിശ്ചിത യൂസർ ഫീസ് നൽകേണ്ടതില്ലെന്ന സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാപക പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് അടിസ്ഥാന രഹിതമാണെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.

ഒരു വാർഡിൽ രണ്ട് പേർ എന്ന നിലയിലാണ് തദ്ദേശസ്ഥാപന പരിധിയിലെ ഹരിതകർമ്മസേനയിൽ അംഗങ്ങളുണ്ടാകുക. പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നതിന് തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർഫീ ഹരിതകർമ്മ സേനാംഗങ്ങൾക്ക് നൽകാൻ വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. 2016ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങൾ പ്രകാരമാണിത്. ഓരോ വീട്ടിലും കയറിയിറങ്ങി അജൈവ മാലിന്യം ശേഖരിച്ച് അവ തരംതിരിച്ച് പുനരുപയോഗം ചെയ്യാനാകുന്നവ കമ്പനികൾക്ക് കൈമാറുക, അല്ലാത്തവ റോഡ് ടാറിംഗ് പോലുള്ള പ്രവർത്തനങ്ങൾക്ക് കൈമാറൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് ഹരിതകർമ്മ സേനാംഗങ്ങൾ ചെയ്തുവരുന്നത്. കൂടാതെ വീട്ടുകാർക്ക് ജൈവ മാലിന്യ സംസ്‌കരണത്തിനുതകുന്ന പരിഹാരങ്ങളും നിർദ്ദേശങ്ങളും അംഗങ്ങൾ നൽകിവരുന്നു.