പത്തനംതി​ട്ട ജി​ല്ലയി​ൽ 19,531 വോട്ടർമാരുടെ കുറവ്

Saturday 07 January 2023 12:54 AM IST

പത്തനംതിട്ട : ജില്ലയിൽ അന്തിമ വോട്ടർപട്ടിക പുറത്ത് വന്നപ്പോൾ 19,531 വോട്ടർമാരുടെ കുറവ്. കൊവിഡ് കാലയളവിൽ മരിച്ചവർ, വിദേശത്ത് പഠനത്തിനായി പോയവർ, ജില്ലയിൽനിന്ന് താമസം മാറി പോയവർ, വിവാഹം കഴിഞ്ഞുപോയവർ തുടങ്ങിയവരെ ഒഴിവാക്കിയാണ് പുതുക്കിയ പട്ടിക ക്രമീകരിച്ചിരിക്കുന്നത്. വിദേശത്ത് ആയതിനാൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവരുമുണ്ട്.

ആകെയുള്ളത് 10,31,218 വോട്ടർമാർ

അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ ഉള്ളത് 10,31,218 വോട്ടർമാർ. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയെ അപേക്ഷിച്ച് 19,531 വോട്ടർമാരുടെ കുറവാണുള്ളത്. 5,42,665 സ്ത്രീ വോട്ടർമാരും 4,88,545 പുരുഷ വോട്ടർമാരുമാണ് പട്ടികയിൽ ഉള്ളത്. എട്ടു ട്രാൻസ്ജെൻഡർ വിഭാഗക്കാരും ജില്ലയിൽ നിന്ന് ഉണ്ട്. 5,779 വോട്ടർമാരാണ് പുതുതായി പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 2,227 പ്രവാസി വോട്ടർമാരാണ് ആകെ ജില്ലയിലുള്ളത്. ആറൻമുളയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാർ ഉള്ളത്. 728 പേർ. തിരുവല്ലയിൽ നിന്ന് 520 പേരും റാന്നിയിൽ 362 ഉം, കോന്നിയി​ൽ 325 ഉം, അടൂർ 292 ഉം പ്രവാസി വോട്ടർമാരുണ്ട്.

തിരുവല്ലയിൽ ആകെ 2,07,509 വോട്ടർമാർ ഉള്ളതിൽ 98,600 പുരുഷന്മാരും 1,08,908 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഒരാളും ഉൾപ്പെടുന്നു.

റാന്നിയിൽ ആകെ 1,88,837 വോട്ടർമാരിൽ 90,943 പുരുഷന്മാരും 97,892 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡറുകളുമുണ്ട്.

ആറൻമുളയിൽ 2,33,026 വോട്ടർമാരിൽ 1,10,348 പുരുഷന്മാരും 1,22,677 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു.

കോന്നിയിൽ ആകെ 1,98,723 വോട്ടർമാർ ഉള്ളതിൽ 93,633 പുരുഷന്മാരും 1,05,089 സ്ത്രീകളും ട്രാൻസ്ജെൻഡർ ഒരാളും ഉൾപ്പെടുന്നു.

അടൂരിൽ ആകെ 2,03,123 വോട്ടർമാരിൽ 95,021 പുരുഷന്മാരും 1,08,099 സ്ത്രീകളും മൂന്നു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു.

" കൊവിഡ് സാഹചര്യങ്ങൾ കാരണം രണ്ടുവർഷം ബി.എൽ.ഒമാർക്ക് വോട്ടർപട്ടിക പുതുക്കാൻ സാധിക്കാതെ വന്നതുകൊണ്ടാണ് ഇത്തവണ ഇത്രയും വോട്ടർമാരുടെ കുറവ്.

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ