വന്നു,​ കണ്ടു,​ കീഴടക്കി...

Friday 06 January 2023 10:57 PM IST
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സാമൂതിരി സ്ക്കൂളിൽ നടന്ന നാടകം കാണാൻ എത്തിയ ജനക്കൂട്ടം

കോഴിക്കോട്: ഇതുപോലൊരു കലാമേള ഇതിനുമുമ്പ് കേരളം കണ്ടിട്ടുണ്ടോ..! കോയിക്കോട്ടുകാര് പറഞ്ഞാൽ ഇജ്ജാതി ഒരു കലാപരിപാടി ഈന് മുമ്പെങ്ങാൻ കണ്ടിട്ടുണ്ടോ...? അമ്മാതിരി ജനമാണിന്നലെ ഒഴുകിയത്. ഇന്നലെക്കഴിഞ്ഞാൽ ഇന്നോടെ എല്ലാം നഷ്ടമാവുമെന്നമട്ടിൽ. ബെർതെ പറഞ്ഞതല്ല, ലക്ഷമല്ല ലക്ഷക്കണക്കിന്.

വിക്രം മൈതാനിയുടെ മുമ്പിലേക്ക് മാനാഞ്ചിറയിൽ നിന്നും പുറപ്പെട്ടൊരു ബൈക്ക് എത്താൻ ഒരു മണിക്കൂർ. സാധാരണ ഏറിയാൽ 10മിനുട്ട് മാത്രം. പ്രധാനവേദിയായ വിക്രംമൈതാനിക്ക് മുമ്പിലെത്തിയാലോ..ഉള്ളിൽകടക്കാൻ പൊലീസിന്റെ വിലക്ക്. അവരെ കുറ്റം പറയേണ്ട, പൂഴിവാരിയിട്ടാൽ നിലത്തുവീഴാനാവാത്തവിധമായിരുന്നു വൈകീട്ട് ആറുമുതൽ അവിടുത്തെ തിരക്ക്. കലോത്സവം കോഴിക്കോട് ഒരുപാട് കണ്ടു. പക്ഷെ ഇതുപോലൊരു പൂരം ഇതുവരെയും കണ്ടില്ലെന്ന് ജനം പറയുമ്പോഴാണ് എത്രമാത്രമാണ് കോഴിക്കോടൻ കലോത്സവത്തെ ജനം നെഞ്ചിലേറ്റിയതെന്ന് വ്യക്തമാവും.

മത്സരങ്ങൾ നടക്കുന്ന 24 വേദികളിലേക്കും രാവിലെ മുതൽ കലാസ്വാദകരുടെ ഒഴുക്കാണ് കാണാൻ സാധിച്ചത്. വേദികൾമാത്രമല്ല മാനാഞ്ചിറയും സരോവരവും ബീച്ചുമെല്ലാം നിറഞ്ഞൊഴുകി. അകത്തും പുറത്തും തിരക്കോട് തിരക്ക്...

തിരുവാതിരക്കളി, ഒപ്പന, നാടകം, ചവിട്ടുനാടകം, കുച്ചുപ്പുടി, പരിചമുട്ടുകളി തുടങ്ങി ഇഷ്ടകലകളുടെ ദിവസം കൂടിയായതോടെ നൂറു കണക്കിന് ജനങ്ങളാണ് ഓരോവേദിയിലേക്കും ഒഴുകിയത്. കലോത്സവത്തിൽ പങ്കെടുക്കാൻ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ സ്‌കൂളുകൾക്ക് അവധി കൂടിയായതിനാൽ നിരവധി കുട്ടികളും കലോത്സവ നഗരിയെ ഇളക്കി മറിക്കുകയാണ്. ഫോട്ടോ എടുത്തും റീൽസ് ചെയ്തും കലാപ്രതിഭകളോടൊപ്പം തകർക്കുന്ന കാഴ്ച. നാടകത്തിന്റെ തട്ടകത്തിൽ പുതിയ കാലത്തിന്റെ അരങ്ങുകൾക്ക് സാക്ഷിയാകാൻ സാമൂതിരി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആയിരങ്ങളായിരുന്നു.

ഹയർസെക്കൻഡറി വിഭാഗം തിരുവാതിരക്കളിയോടെയാണ് പ്രധാന വേദിയായ വിക്രം മൈതാനിയിൽ മത്സരങ്ങൾ ആരംഭിച്ചത്. ശേഷം സംഘനൃത്തവും വേദിയിൽ അരങ്ങേറി. ഹൈസ്‌കൂൾ വിഭാഗം സംഘഗാന മത്സരം ആരംഭിച്ചതോടെ വിക്രം മൈതാനിയിലേക്ക് ജനസാഗരമായിരുന്നു. സീറ്റുകൾ നിറഞ്ഞതോടെ വേദിയുടെ വശങ്ങളിൽ കലാസ്വാദകർ സ്ഥാനം പിടിച്ചു. കലോത്സവത്തിന്റെ നാലാംദിനം മുഴുവൻ വേദികളും കാലുകുത്താൻ ഇടമില്ലാത്ത രീതിയിൽ നിറഞ്ഞു കവിഞ്ഞിരുന്നു.സാമൂതിരി സ്‌കൂൾ ഗ്രൗണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വിവിധ സേനകളും വളണ്ടിയർമാരും മത്സരാർഥികൾക്കും കാണികൾക്കും ആവശ്യമായ സഹായങ്ങളുമായി 24 വേദികളിലുമുണ്ട്. കുടിവെള്ളം നിറച്ചു വെയ്ക്കുന്ന കൂജകൾ ഒഴിഞ്ഞു കിടക്കാതിരിക്കാൻ വളണ്ടിയർമാർ കൃത്യമായ ജാഗ്രത പുലർത്തി. ശബ്ദവും വെളിച്ചവും മുടക്കമില്ലാതെ നിലനിർത്തി. തിരക്ക് നിയന്ത്രിച്ചും എല്ലാവരെയും ഉത്സവത്തിന്റെ ഭാഗമാക്കിയും പരാതികൾക്ക് ഇടവരാതെ ചുമതലപ്പെട്ടവർ കടമകൾ മനോഹരമാക്കി. വേദികൾ മാത്രമല്ല, കോഴിക്കോടിന്റെ മിഠായിത്തെരുവിലും ബീച്ചിലും മാനാഞ്ചിറയിലും വരെ പൊള്ളുന്ന വെയിലിനെപോലും വക വയ്ക്കാതെ കുട്ടികളടക്കം ആഘോഷത്തിമിർപ്പിലായിരുന്നു.

Advertisement
Advertisement