ചാൻസലർ ബിൽ രാഷ്ട്രപതിക്ക് വിടാൻ നിയമോപദേശം

Saturday 07 January 2023 1:06 AM IST

തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാലാ നിയമ ഭേദഗതി ബില്ലിൽ ഗവർണർ സ്വയം തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാമെന്നും നിയമോപദേശം.

ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കുമെന്ന് ഗവർണർ ഇന്നലെ പറഞ്ഞിരുന്നു. ബിൽ ലഭിച്ചാലും ,രാഷ്ട്രപതി സ്വന്തം നിലയിൽ തീരുമാനമെടുക്കാറില്ല. കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടും. ഗവർണർക്ക് വിരുദ്ധമായി കേന്ദ്രം നിലപാടെടുക്കില്ലെന്നതിനാൽ ബിൽ ഡൽഹിയിൽ കുടുങ്ങാനാണിട. കേന്ദ്ര സർക്കാർ അഭിപ്രായമറിയിച്ചില്ലെങ്കിലും ബില്ലിൽ തുടർ നടപടിയുണ്ടാവില്ല. അതേസമയം, ബിൽ രാഷ്ട്രപതിക്ക് അയയ്ക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.