 ഇരട്ട നരബലി ഇലന്തൂരിലെ രണ്ട് കുഴിമാടം അന്വേഷിക്കാതെ പൊലീസ്

Saturday 07 January 2023 12:00 AM IST

പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽസിംഗിന്റെ വീട്ടുവളപ്പിൽ ദുരൂഹസാഹചര്യത്തിൽ രണ്ട് കുഴിമാടങ്ങൾ കൂടിയുണ്ടെന്ന് പ്രദേശവാസികൾ അന്നേ സംശയം പ്രകടിപ്പിച്ചിട്ടും പരിശോധിക്കാതെ പൊലീസ്. കൊല്ലപ്പെട്ട പദ്മയുടെയും റോസ്‌ലിയുടെയും മൃതദേഹങ്ങൾ മറവുചെയ്തിരുന്നതിന് സമാനമാണ് ഇവയും.

ഇരട്ടക്കൊലയുടെ അന്വേഷണം നടക്കുന്ന ഘട്ടത്തിൽതന്നെ ഇവ പൊലീസിന് കാണിച്ചു കൊടുത്തിരുന്നുവെന്ന് പ്രദേശവാസികൾ 'കേരളകൗമുദി"യോട് പറഞ്ഞു. ഇനിയും അന്വേഷിച്ചില്ലെങ്കിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

വള്ളിപ്പടർപ്പുകൾ മൂടിയ സ്ഥലത്താണ് ഈ കുഴിമാടങ്ങൾ. ഒന്ന് വീട്ടുമുറ്റത്തോട് ചേർന്നാണ്. ഇവിടെ ശംഖുപുഷ്പച്ചെടി പടർന്നിട്ടുണ്ട്. പദ്മയെ കുഴിച്ചിട്ട ഭാഗത്തിന് സമീപത്താണ് രണ്ടാമത്തേത്. നരബലി വെളിച്ചത്തു വരുന്നതിന് മുൻപുതന്നെ ഇൗ കുഴികളുടെ ഭാഗത്തു നിന്ന് ദുർഗന്ധം വമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. നരബലി അന്വേഷണം നടക്കുമ്പോൾ പൊലീസ് നായ്ക്കൾ ഇൗ രണ്ടു സ്ഥലങ്ങളിലും ഏറെനേരം നിന്നിരുന്നു.

കഴിഞ്ഞ ഒക്ടോബർ പതിനൊന്നിനാണ് നരബലി വിവരം പുറത്തറിയുന്നത്. മൃതദേഹ അവശിഷ്ടങ്ങൾക്കായി തെരച്ചിൽ നടത്തുന്ന സമയത്താണ് മറ്റു രണ്ടു കുഴികളെപ്പറ്റി പൊലീസിന് സൂചന നൽകിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്ഥലത്തെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിച്ചിരുന്നു. പദ്മയുടെയും റോസ്ലിയുടെയും തിരാേധാന കേസുകൾ മാത്രമാണ് നിലവിൽ അന്വേഷിക്കുന്നത് എന്നായിരുന്നു അന്ന് പൊലീസിന്റെ മറുപടി.

എന്നാൽ, ഇവ പരിശോധിക്കുകയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്താൽ അതിന് പിന്നാലെ പോകേണ്ടിവരുന്നത് ഒഴിവാക്കാനാണ് പൊലീസ് പരിശോധന നടത്താത്തതെന്നാണ് ആക്ഷേപം. അതേസമയം, വിശദമായി ചോദ്യം ചെയ്തിട്ടും പദ്മയെയും റോസ്ലിയേയും കൊലപ്പെടുത്തിയ വിവരം മാത്രമാണ് പ്രതികൾ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. മറ്റു പരാതികളും ലഭിച്ചിട്ടില്ല.

Advertisement
Advertisement