നിർമ്മാണം നിലച്ചിട്ട് ആറു മാസം; ഭിത്തി മാത്രമായി മൺറോത്തുരുത്ത് പിഎച്ച്സി കെട്ടിടം
കൊല്ലം: മൺറോത്തുരുത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമായ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം നിലച്ചിട്ട് ആറുമാസമാകുന്നു. 2020ൽ നിർമ്മാണം ആരംഭിച്ച പുതിയ പി.എച്ച്.സി കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ഭിത്തി മാത്രം കെട്ടിപ്പൊക്കിയ ശേഷം നിർമ്മാണം നിറുത്തിവച്ചതാണ്. വല്ലപ്പോഴും ജോലിക്കാർ വന്ന് എന്തെങ്കിലും ചെയ്യുന്നതല്ലാതെ നിർമ്മാണത്തിൽ മറ്റൊരു പുരോഗതിയും ഇതുവരെയും ഉണ്ടായിട്ടില്ല. ഒന്നാം നിലയുടെ കോൺക്രീറ്റിംഗാണ് ഇനിയുള്ളത്. മുടങ്ങിക്കിടക്കുന്ന ജോലികൾ പുനരാരംഭിക്കാൻ കരാറുകാരനോ നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല.
നിലവിൽ വാടക കെട്ടിടത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.6000 രൂപയാണ് പ്രതിമാസ വാടക. കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ നിരവധി കത്തുകൾ നൽകിയിരുന്നു. നിർമ്മാണം പൂർത്തിയാകാത്തതിനാൽ പുതിയ കെട്ടിടത്തിലേക്ക് മാറാനും കഴിയാത്ത അവസ്ഥയാണ്.
പ്രളയം തകർത്ത കെട്ടിടത്തിന് പകരം
2018ലെ പ്രളയത്തിൽ തകർന്ന കെട്ടിടത്തിന് പകരമായാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തുടങ്ങിയത്. പഴയ കെട്ടിടത്തിന്റ അടിസ്ഥാനവും ഭിത്തിയും സൂക്ഷിച്ചിരുന്ന മരുന്നും ഉപകരണങ്ങളും പ്രളയത്തിൽ നശിച്ചിരുന്നു. നാഷണൽ മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പി.എച്ച്.സി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തി ഐ.പി, ലാബ്, മൂന്ന് ഡോക്ടർമാക്കുളള പരിശോധനാമുറിയുൾപ്പടെ രണ്ട് നിലകളിലായി കെട്ടിടം നിർമ്മിക്കാനായിരുന്നു പദ്ധതി. 3.25 കോടിയാണ് കരാർ തുക.നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ മേൽനോട്ടം.
''കരാറുകാരനുമായി ചർച്ച നടത്തി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ഗ്രാമപഞ്ചായത്ത് നേതൃത്വം വഹിക്കണം. സാധാരണക്കാരുടെ ഏക ആശ്രയമായ ആതുരശുശ്രൂഷാ കേന്ദ്രമാണ് പി.എച്ച്. സി''.
മൺറോത്തുതുരുത്ത് രഘു
സ്റ്റേറ്റ് ജനറൽ സെക്രട്ടറി
ഗാന്ധിജി ഫൗണ്ടേഷൻ.