ചിന്തയുടെ കുടിശിക: ഉത്തരവ് ഇറങ്ങിയില്ല

Saturday 07 January 2023 12:00 AM IST

തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ എട്ടര ലക്ഷം രൂപ ശമ്പളക്കുടിശിക അനുവദിക്കാനുള്ള തീരുമാനം വിവാദമായതോടെ ഇതിന്റെ ഉത്തരവ് ഇറങ്ങിയില്ല. ധനവകുപ്പ് അനുമതി നൽകിയെങ്കിലും ഉത്തരവിറക്കേണ്ടത് യുവജനക്ഷേമ വകുപ്പാണ്.

കൂടുതൽ പരിശോധനയ്ക്ക് ശേഷം അന്തിമതീരുമാനമെടുത്താൽ മതിയെന്ന നിഗമനത്തിലാണ് സർക്കാരെന്നറിയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഭീമമായ തുക കുടിശിക നൽകുന്നതിലുള്ള എതിർപ്പും മുൻ അദ്ധ്യക്ഷൻ ആർ.വി. രാജേഷിന് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കുടിശിക അനുവദിച്ചാൽ രണ്ട് പേർക്കും നൽകേണ്ട സ്ഥിതിയാണ്. 2013 ജൂലായ് 20 മുതൽ 2016 ആഗസ്റ്റ് 31 വരെയാണ് ആർ.വി. രാജേഷ് അദ്ധ്യക്ഷസ്ഥാനം വഹിച്ചത്.