മുജാഹിദിന് എതിരെ സമസ്ത
കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. മുജാഹിദ് പ്രസ്ഥാനം സമ്മേളനാനന്തരം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറിയെന്ന് സമസ്ത നേതാക്കൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും ഫാസിസ്റ്റ് ഭരണകൂട ഭീകരതയ്ക്കെതിരെ ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. എന്നാൽ അതിന്റെ വക്താക്കളെ ഔദ്യോഗികമായി സ്വീകരിക്കുകയും അവരുടെ അജണ്ടകൾക്ക് ന്യായീകരണം നടത്തുകയുമാണ് മുജാഹിദ് സമ്മേളനത്തിലൂടെ ചെയ്തതെന്ന് സമസ്ത നേതാക്കൾ ആരോപിച്ചു. മുജാഹിദ് സമ്മേളനത്തിൽ പാണക്കാട് കുടുംബം പങ്കെടുക്കാതിരുന്നത് അവർ സമസ്തയുടെ തടവറയിലായതുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം മുജാഹിദ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനുൾപ്പെടെയുള്ള മറുപടിയാണ് ഇന്നലെ സമസ്ത നേതാക്കൾ നൽകിയത്. സമസ്തയുടെ ആദർശ സമ്മേളനം നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കും.