തമ്പുരാനെ,​ പിള്ളേരെ കൂടി വെറുപ്പിക്കല്ലേ!

Friday 06 January 2023 11:33 PM IST

യക്ഷഗാന മത്സരത്തിൽ പങ്കെടുത്ത ശേഷം കുട്ടികൾ ഫോട്ടോയ്ക്ക് പോസ് ചെയ്യാനിറങ്ങി. അപ്പോഴേക്കും ഒരു ആ‌‌ഡംബര കാർ വന്നു നിന്നു. കാറിലിരുന്ന ആൾ ഫോട്ടോഗ്രാഫറെ വിളിപ്പിച്ചു. കാറിന്റെ വിൻഡോ ഗ്ലാസ് താന്നു. അകത്ത് താടിവച്ച സിനിമാ സംവിധായകൻ തമ്പുരാൻ കറുപ്പ് മുണ്ടുടുത്ത് സ്റ്റൈലിൽ ഇരിക്കുകയാണ്. ഫോട്ടോഗ്രാഫർ കാര്യം പറഞ്ഞു. പക്ഷെ,​ ഇതൊന്നും ഇവിടെ നടക്കില്ല,​ ഇത് തന്റെ റോഡാണ് എന്ന് സംവിധായകൻ. ഗ്ലാസ് ഉയർന്നു.

ഫോട്ടോയ്ക്ക് തടസമായി കാർ അവിടെ നിന്നു. എന്തു കലാകാരനാണിയാൾ?​ എന്ന് കുട്ടികൾ പരസ്പരം ചോദിച്ചു. അകത്ത് സംവിധായകൻ ആണെന്നറിഞ്ഞപ്പോൾ തങ്ങളുടെ കലാപരിപാടി കാണാനെത്തിയതെന്നാണ് കുട്ടികൾ ചിന്തിച്ചത്. സ്വന്തം നാട്ടിൽ നടക്കുന്ന സ്കൂൾ കലാമേള കാണാനൊന്നും ഇദ്ദേഹം മിനക്കെട്ടില്ല. കുട്ടികളുടെ മേളയെ അതേ സ്പിരിട്ടിൽ അദ്ദേഹം ഉൾക്കൊണ്ടില്ല എന്നതിനു തെളിവല്ലേ ഈ സീൻ. അല്ലേലും ഈയിടെ സ്വന്തം വില കളഞ്ഞു കുളിക്കലാണ് പുള്ളിക്കാരൻ. ഒരു തരം അസഹിഷ്ണുതയാണ്. വിമർശന ബഹളം കേട്ടാൽ പിന്നെ ഫ്ലാഷ് ബാക്ക് രാഷ്ട്രീയം പറച്ചിൽ ഉപമയും ഉൽപ്രേക്ഷയും ചേർത്തുള്ള പ്രസ്താവനയിതൊക്കെയാണിപ്പോൾ.

-------------

മത്സരം കഴിഞ്ഞ ശേഷം വേദിയിൽ ജഡ്ജ് പ്രഖ്യാപിക്കുന്ന ഗ്രേഡും പിന്നീട് വെബ്സൈറ്റിൽ വരുന്ന ഗ്രേഡുകളുംതമ്മിൽ ചില പൊരുത്തകേടുകൾ ഉണ്ടത്രേ. വേദിയിൽ പ്രഖ്യാപിച്ച ഗ്രേഡ് കേട്ട് കുറിച്ചു വച്ച ചില‌‌‌‌ർ അത് പിന്നീട് ഒത്തു നോക്കാനായി സൈറ്റിൽ നോക്കുമ്പോൾ ചിലതിനൊക്കെ മാറ്റം കാണുന്നുവെന്നാണ് ചൂണ്ടികാണിക്കെപ്പിട്ടിരിക്കുന്നത്. അതിലെന്തെക്കയോ പന്തിക്കേടില്ലേ എന്ന് മേളക്കാരനൊരു ഡൗട്ട്!