ബഫർ സോൺ : പരാതികൾ ഇന്ന് കൂടി മാത്രം; ഫീൽഡ് പരിശോധന തുടരും

Saturday 07 January 2023 12:00 AM IST

തിരുവനന്തപുരം;പരിസ്ഥിതി ലോല മേഖല (ബഫർസോൺ) സംബന്ധിച്ച് പൊതുജങ്ങളിൽ നിന്നും പരാതി സ്വീകരിക്കാൻ സർക്കാർ നൽകിയ കാലാവധി ഇന്നവസാനിക്കും. ഇന്ന് വൈകിട്ട് വരെ ലഭിക്കുന്ന പരാതികൾ അതാത് പഞ്ചായത്തുകളിൽ അയച്ച് ഫീൽഡ് പരിശോധന വേഗത്തിലാക്കാനാണ് തീരുമാനം.

ഇന്നലെ വരെ ലഭിച്ച പരാതികളിൽ 18,496 എണ്ണത്തിൽ പരിശോധന പൂർത്തിയാക്കി കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ (കെസ്റക് ) അസറ്റ് മാപ്പർ ആപ്പ് മുഖേന ഭൂപടത്തിൽ വിവരങ്ങൾ കെസ്റക്കിന്റെ അസറ്റ് മാപ്പർ ആപ്പ് വഴി ജിയോ ടാഗിംഗ് നടത്തി ചേർത്തു കഴിഞ്ഞു. ഒരാഴ്ചക്കകം ലഭിച്ച പരാതികൾ പൂർണമായും പരിശോധിച്ച് തീർപ്പാക്കാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം കെസ്റെക്കിന്റെ സെർവർ ഡൗൺ ആയതിനാൽ ഇന്നലെ പുതിയ ഒരു ഹാർഡ് ഡിസ്ക് കൂടി സ്ഥാപിച്ചു.

ഇന്നലെ വരെ 54,607 പരാതികളാണ് വനം വകുപ്പിൽ ലഭിച്ചത്. 17,054 പരാതികൾ വനം- തദ്ദേശ-റവന്യു സംഘങ്ങളുടെ സംയുക്ത പരിശോധനയിൽ പരിഹരിച്ചു.പുതുതായി 75,5 00 ലധികം നിർമ്മിതികളാണ് കണ്ടെത്തിയത്. ഉപഗ്രഹ സർവേയിൽ നേരത്തെ കണ്ടെത്തിയിരുന്ന 49,330 നിർമ്മിതികൾക്ക് പുറമെയാണിത്. വരും ദിവസങ്ങളിലെ പരിശോധനയിൽ ഇവയുടെ എണ്ണം വർദ്ധിക്കുമെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.