പോക്സോ കേസ്: പ്രതിക്ക് 70 വർഷം കഠിനതടവ്

Saturday 07 January 2023 12:00 AM IST

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സഹോദരിമാരായ മൂന്ന് പെൺകുട്ടികളെ ഒരുവർഷത്തിലേറെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ബന്ധുവായ പ്രതിക്ക് 70 വർഷം കഠിന തടവും 1,70,000 രൂപ പിഴയും ശിക്ഷിച്ചു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിലായാണ് ഇത്രയധികം വർഷം ശിക്ഷ വിധിച്ചതെങ്കിലും ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നു.

വെഞ്ഞാറമൂട് മുദാക്കൽ ഇളമ്പ അമ്പായിക്കോണം അപ്പൂപ്പൻ നടയ്ക്ക് സമീപം അപർണഭവനിൽ കുട്ടൻ എന്ന അപ്പുക്കുട്ടനെയാണ് (51) നെടുമങ്ങാട് അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി കെ.പി സുനിൽ ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ 5(എൽ), 5(എം), 5(എൻ) വകുപ്പുകൾ പ്രകാരം ഓരോന്നിനും 20 വർഷം വീതം തടവും 50,000 രൂപാ വീതം പിഴയും പോക്സോ ആക്ട് സെക്ഷൻ 6,7 പ്രകാരം 5 വർഷം വീതം തടവും 10,000 രൂപാ വീതം പിഴയുമാണ് ശിക്ഷിച്ചത്.

2017 ഡിസംബർ 24ന് വെഞ്ഞാറമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 5,7,8 വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. കുട്ടികളുടെ മാതാപിതാക്കൾ വെഞ്ഞാറമൂട് പൊലീസിൽ നൽകിയ പരാതിയിൽ അന്ന് സി.ഐയായിരുന്ന വിജയനും എസ്.ഐ പ്രദീപ് കുമാറും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി

സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ (പോക്സോ) സരിത ഷൗക്കത്തലി ഹാജരായി.