സിനിമയ്‌ക്ക് അവധി നൽകി ദേവമാനസ തിരക്കിലാണ്

Friday 06 January 2023 11:36 PM IST

കോഴിക്കോട്: ദേവമാനസ സിനിമാഭിനയത്തിന് താത്കാലിക അവധി നൽകിയത് പത്താം ക്ലാസിലായതിനാലാണ്. പക്ഷേ കലോത്സവം എത്തിയതോടെ തിരക്കോട് തിരക്ക്. കഥകളിയിലെ എ ഗ്രേഡുമായി ഒറ്റ ഓട്ടമായിരുന്നു ഓട്ടൻതുള്ളൽ വേദിയിലേക്ക്. അവിടെയും എ ഗ്രേഡ്.

ഹൈസ്കൂൾ വിഭാഗം കഥകളിയിൽ കാലകേയ വധത്തിലെ അ‌ർജുനനായാണ് ദേവമാനസ അരങ്ങിൽ ആടിത്തകർത്തത്. കഥകളി ഗ്രൂപ്പ് ഇനത്തലും എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച കഥകളിക്കായി നാല് മണിക്കൂർ നീണ്ട ചമയം. തുടർന്ന് 12.30 ഓടെ ആട്ടം പൂർത്തിയാക്കി. ചമയമഴിച്ച് അൽപം വിശ്രമം. രണ്ടോടെ ഓട്ടൻതുള്ളൽ വേദിയായ ആംഗ്ലോ ഇന്ത്യൻസിലെ പാണ്ഡവപുരത്തേയ്ക്ക്. അവിടെയും ഒരുമണിക്കൂർ ചമയമിടൽ. ഏഴ് മണിയോടെയാണ് അരങ്ങിൽ കയറിയത്. ഒമ്പത് വർഷമായി ദേവമാനസ കഥകളി അഭ്യസിക്കുന്നുണ്ട്.

ഏഴ് സിനിമകളിലാണ് ദേവമാനസ അഭിനയിച്ചത്. തട്ടിൻപുറത്തെ അച്യുതനായിരുന്നു അവസാനത്തേത്. ഇനിവരുന്നത് കഥകളിയുടെ കഥപറയുന്ന മിനുക്കമാണ്. ആലപ്പുഴ ബി.ബി.ജി.എച്ച്.എസ്.എസ് നങ്ങ്യാർകുളങ്ങരയിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് ദേവമാനസ. എം.എസ്.

അനിൽകുമാറിന്റെയും അദ്ധ്യാപികയായ എ.ആർ.മിനിയുടെയും മകളാണ്. കഥകളിയിൽ കലാമണ്ഡലം കൃഷ്ണപ്രസാദാണ് ഗുരു. അമ്പലപ്പുഴ സുരേഷ് വർമ്മയാണ് ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നത്.