ഇഞ്ചപ്പള്ളിയിൽ പട്ടാപകൽ കാട്ടാനക്കൂട്ടം, യാത്രക്കാർ ഭീതിയിൽ
Saturday 07 January 2023 11:41 PM IST
പുനലൂർ: ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങിയത് താമസക്കാരെ ഭീതിയിലാക്കുന്നു.തെന്മല പഞ്ചായത്തിലെ ചാലിയക്കര ഇഞ്ചപ്പള്ളി പാലത്തിന് സമീപത്താണ് 4 കാട്ടാനകൾ ഇറങ്ങിയത്. ഇന്നലെ രാവിലെ10.30-ഓടെ തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാന കൂട്ടത്തെ കണ്ടത്.
ചാലിയക്കരയിൽ നിന്ന് ചെറുകടവ്, ഓലപ്പാറ, മഹാദേവർമൺ തുടങ്ങിയ ജനവാസ മേഖലിൽ പോകുന്ന ഇഞ്ചപ്പള്ളി ചപ്പാത്തിന് സമീപത്താണ് കുട്ടിയടക്കമുള്ള കാട്ടാനക്കൂട്ടത്തെ തൊഴിലാളികൾ കണ്ടത്. ഇതു വഴി നടന്നും വാഹനങ്ങളിലുമാണ് ജനങ്ങൾ ചാലിയക്കര വഴി പുനലൂരിലും പോകുന്നത്. പാതയോരത്ത് പട്ടാപ്പകൽ കാട്ടാന കൂട്ടം ഇറങ്ങിയ വിവരം അറിഞ്ഞ് പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. ചാലിയക്കരക്ക് സമീപത്തെ ജനവാസമേഖലയീൽ ഇറങ്ങുന്ന കാട്ടാനകൾ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവ് സംഭവമായി മാറിയിരിക്കുകയാണ്.