കാലിക്കറ്റ്  യുണിവേഴ്സിറ്റി: വി.സിയെ നീക്കണമെന്ന ഹർജിയിൽ നോട്ടീസ്

Saturday 07 January 2023 12:55 AM IST

കൊച്ചി: യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ ശുപാർശപ്രകാരം നിയമിതനായ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർഡോ. എം. കെ. ജയരാജിനെ തുടരാൻ അനുവദിക്കരുതെന്നാവശ്യപ്പെടുന്ന ഹർജിയിൽ വി.സിക്ക് ഹൈക്കോടതി നോട്ടീസ്.

സെനറ്റ് അംഗവും ഫാറൂഖ് കോളേജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ടി. മുഹമ്മദാലി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നോട്ടീസ് നിർദേശിച്ചത്. ചാൻസലർ കൂടിയായ ഗവർണറും കാലിക്കറ്റ് സർവകലാശാലയും എതിർകക്ഷികളായ ഹർജിയിൽ പ്രത്യേക ദൂതൻ മുഖേന വി.സിക്ക് നോട്ടീസ് അയയ്ക്കും.

ഹർജി ഈ മാസം 13ന് പരിഗണിക്കും. ചീഫ് സെക്രട്ടറി കൺവീനറായ സെർച്ച് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് വി.സിയെ നിയമിച്ചതെന്ന് ഹർജിയിൽ പറയുന്നു. സമാനരീതിയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് കേരളത്തിലെ സാങ്കേതിക സർവകലാശാല വി.സിയെ നിയമിച്ചത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ചട്ടപ്രകാരമല്ലാതെ നിയമിക്കപ്പെട്ട വൈസ് ചാൻസലർമാർ ഒഴിയാനുള്ള ഗവർണറുടെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജികൾ കോടതിയുടെ പരിഗണനയിലാണ്. പിരിച്ചുവിടലിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ഗവർണർ നടത്തിയ ഹിയറിംഗിന് ജയരാജും ഹാജരായിരുന്നു.