കാൻസർ തോറ്റു, അവനി ജയിച്ചു

Saturday 07 January 2023 12:01 AM IST

കോഴിക്കോട്: ശബ്ദം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ നിന്ന്

കാൻസറിനെ തോൽപ്പിച്ച് കലോൽസവ വേദിയിലെത്തിയ അവനി കരസ്ഥമാക്കിയത് ശാസ്ത്രീയ സംഗീതത്തിലെ എ ഗ്രേഡ്. കോഴിക്കോട് എത്തിയ അവനി കലോൽസവ വേദിയിലെത്തുംമുമ്പ് ഒരു രാത്രി മുഴുവൻ കഴിഞ്ഞത്

ഇതേ രോഗം ബാധിച്ച കുരുന്നുകൾ കഴിയുന്ന കോഴിക്കോട്ടെ 'ഹോപ്പിലായിരുന്നു. കളിച്ചും ചിരിച്ചും പാട്ടുകൾ പാടിയും അവർക്ക് ആത്മവിശ്വാസം പകർന്നു. ഇന്നലെ മത്സര വേദിയിലെത്തി ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡും സ്വന്തമാക്കി.

കാൻസർ രോഗവുമായാണ് കഴിഞ്ഞ തവണ

കാഞ്ഞങ്ങാട് കലോത്സവത്തിൽ പങ്കെടുത്തത്. അന്ന് ശാസ്ത്രീയ സംഗീതത്തിനൊപ്പം മലയാളം പദ്യപാരായണത്തിലും കഥകളി സംഗീതത്തിലും എ ഗ്രേഡ് നേടി. ഇക്കുറി കാൻസറിനെ പൂർണമായും തോൽപ്പിച്ചാണ് മത്സരിക്കാനെത്തിയത്.

വെഞ്ഞാറമൂട് ആലന്തറ കിളിക്കൂട്ടിൽ ശിവപ്രസാദിന്റയും സജിതയുടെയും മകൾ അവനി വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ്.

2018 ലാണ് കാൻസർ സ്ഥിരീകരിച്ചത്. എട്ട് വർഷത്തോളം പഠിച്ച ശാസ്ത്രീയ സംഗീതം കൈവിടാൻ ഒരുക്കമല്ലായിരുന്നു. ഇരുപത്തഞ്ചോളം കീമോയ്ക്കിടയിലും പാട്ട് പഠനം തുടന്നു. ശബ്ദം നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയെങ്കിലും തിരികെവന്നു. കീമോയുടെ വേദനക്കിടയിലും സെന്റർ ഫോർ കൾച്ചറൽ ട്രെയിനിംഗിന്റെ സ്‌കോളർഷിപ്പ് പാടി നേടി. ഇതിനിടയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസും നേടി. മെല്ലെ കാൻസർ വിട്ടൊഴിഞ്ഞു. ഇന്നലെ കലോത്സവ വേദിയിൽ താരം അവനിയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള ഹോപ്പ് ചൈൽ‌ഡ് കാൻസർ കെയർ സെന്ററിന്റെ ആദ്യ യൂണിറ്റ് ഉദ്ഘാടനം ചെയ്തത് അവനിയായിരുന്നു.

അമ്മ സജിതയും കലോത്സവതാരമായിരുന്നു 2000, 2001 വർഷങ്ങളിൽ കഥാപ്രസംഗത്തിലും ഹിന്ദി പദ്യപരായണത്തിലും സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.