തുമ്പയിലെ കളി ഗോവ കൊണ്ടുപോയി
തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഗോവ ഏഴുവിക്കറ്റിന് കേരളത്തെ തോൽപ്പിച്ചു. അവസാന ദിവസമായ ഇന്നലെ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 200 റൺസിൽ അവസാനിപ്പിച്ച ഗോവ ജയിക്കാനാവശ്യമായ 155 റൺസ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.
ഒന്നാം ഇന്നിംഗ്സിൽ കേരളം 265 റൺസെടുത്തപ്പോൾ ഗോവ 311 റൺസ് നേടിയിരുന്നു. ഇന്നലെ 172/6 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ കേരളത്തിന് 28 റൺസേ കൂട്ടിച്ചേർക്കാനായുള്ളൂ. സമാനമായരീതിയിലാണ് രണ്ടാം ദിനം രാവിലെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സും ഗോവ അവസാനിപ്പിച്ചത്. തുടർന്ന് ചേസിംഗിനിറങ്ങിയ ഗോവ കരുതലോടെ കളിച്ച് വിജയം കൊയ്തു.
പൊരുതിയത് രോഹൻ
ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ (112)രോഹൻ പ്രേമാണ് രണ്ടാം ഇന്നിംഗ്സിലും കേരളത്തിനായി പൊരുതിയത്.രണ്ടാം ഇന്നിംഗ്സിൽ 138 പന്തിൽ 70 റൺസെടുത്താണ് രോഹൻ ടോപ് സ്‌കോററായത്. രഞ്ജിയിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കേരള ക്രിക്കറ്ററായി രോഹൻ റെക്കാഡിട്ടതും ഈ മത്സരത്തിലാണ്. രോഹനെ കൂടാതെ രോഹൻ കുന്നുമ്മൽ (34), ജലജ് സക്‌സേന (34) എന്നിവർക്ക് മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.ആറ് വിക്കറ്റ് വീഴ്ത്തിയ മോഹിത് റെഡ്കറാണ് കേരളത്തെ തകർത്തത്. ശുഭം ദേശായ് രണ്ട് വിക്കറ്റെടുത്തു.
155 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗോവ 48.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. 136 പന്തിൽ 67 റൺസെടുത്ത ഇഷാൻ ഗഡേക്കറാണ് രണ്ടാം ഇന്നിംഗ്സിലും ഗോവയ്ക്കായി തിളങ്ങിയത്. സിദ്ധേഷ് ലാഡ് 33 റൺസുമായി പുറത്താകാതെ നിന്നു. അമോഗ് സുനിൽ ദേശായ് (23), സുയാഷ് പ്രഭുദേശായ് (14), സ്‌നേഹൽ കൗതാങ്കർ (13) എന്നിവരാണ് പുറത്തായവർ.
കേരളത്തിനായി ജലജ് സക്‌സേന, ക്യാപ്ടൻ സിജോമോൻ, വൈശാഖ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കേരളം നാലാമത്
ഈ തോൽവിയോടെ എലൈറ്റ് ഗ്രൂപ്പ് സിയിൽ നാല് കളികളിൽ നിന്ന് 13 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തുനിന്ന് നാലാമതേക്ക് താഴ്ന്നു. കർണാടക 19 പോയിന്റുമായി ഒന്നാമതെത്തി. 14 പോയിന്റുള്ള രാജസ്ഥാൻ രണ്ടാമതും 13 പോയിന്റുള്ള ഛത്തീസ്ഗഢ് മൂന്നാമതുമുണ്ട്.
സ്‌കോര്‍: കേരളം - 265/10, 200/10, ഗോവ - 311/10, 157/3.