റെയിൽവേ ക്വാർട്ടേഴ്സിലെ വീട്ടമ്മയുടെ കൊലപാതകം: ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്

Saturday 07 January 2023 12:05 AM IST

കൊല്ലം: ഭാരതരാജ്ഞി പള്ളിക്ക് എതിർവശത്തുള്ള റെയിൽവേ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ കരിക്കോട് സ്വദേശി ഉമ പ്രസന്നനെ, അഞ്ചൽ ലക്ഷംവീട് കോളനി സ്വദേശിയായ നാസു പീഡിപ്പിക്കുന്നതിനിടെ നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. ശ്വാസതടസമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി.

റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്:

29ന് വൈകിട്ട് 3.30ന് കൊല്ലം ബീച്ചിൽ വച്ച് പരിചയപ്പെട്ട ഉമയെ നാസു റെയിൽവേ ക്വാർട്ടേഴ്സിൽ എത്തിച്ചു. ജനാലയിലൂടെയാണ് ഇരുവരും അടച്ചിട്ടിരുന്ന ക്വാർട്ടേഴ്സിനുള്ളിൽ കടന്നത്. പിന്നീട് തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ രാത്രി 8.30ഓടെ ഉമ നിലവിളിച്ചു. മറ്റുള്ളവർ കേൾക്കുമെന്ന് ഭയന്ന് നാസു ഉമയുടെ വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതോടെ ഉമ ശ്വാസംമുട്ടി മരിച്ചു. ഉമയുടെ പണവും മൊബൈൽ ഫോണുമെടുത്ത് നാസു സ്ഥലംവിട്ടു. 31ന് പുലർച്ചെ ഫോണുമായി നാസു കൊട്ടിയം പൊലീസിന്റെ പിടിയിലായെങ്കിലും വിട്ടയച്ചു. എന്നാൽ ഉമയുടെ മൃതദേഹം കണ്ടെത്തിയതോടെ നാസുവിനെ അഞ്ചലിലെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത നാസുവിനെ കൊല്ലം ഈസ്റ്റ് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങി അഞ്ചലിലെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി. കൃത്യം നടന്നതിന് ശേഷം പോയ സ്ഥലങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ഇന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യും. കൃത്യത്തിൽ മറ്റാർക്കോ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. താൻ ഒറ്റയ്ക്ക് കൃത്യം നടത്തിയെന്നാണ് നാസുവിന്റെ മൊഴിയെങ്കിലും
രാത്രി ഏഴയോടെ ഉമയെ വിളിച്ചപ്പോൾ പുരുഷന്മാരുടെ ശബ്ദം കേട്ടതായി അമ്മ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് പ്രദേശത്തെ സി.സി ടിവി കാമറകൾ പരിശോധിക്കും.

Advertisement
Advertisement