സ്പാനിഷ് താരങ്ങളുമായി ഗോകുലം

Saturday 07 January 2023 12:07 AM IST

തിരുവനന്തപുരം : സ്പാനിഷ് താരങ്ങളായ മിഡ്ഫീൽഡർ ഒമർ റാമോസിനെയും സ്ട്രൈക്കർ സെർജിയോ മെൻഡിഗട്ട്‌സിയ ഇഗ്ലേഷ്യസിനെ(മെൻഡി)യും സ്വന്തമാക്കി ഗോകുലം കേരള എഫ്‌.സി. കാമറൂണിയൻ ഫോർവേഡുകളായ അഗസ്റ്റെ സോംലാഗ, ഡോഡി ആൽഫഡ് എൻഡോ എന്നിവർക്ക് പകരമായാണ് ഇരുവരും എത്തുന്നത്.

മെൻഡിയും റാമോസും കഴിഞ്ഞ സീസണിൽ നെറോക്ക എഫ്‌സിക്കും രാജസ്ഥാൻ യുണൈറ്റഡ് എഫ്‌.സിക്കും വേണ്ടി ഐ-ലീഗിൽ കളിച്ചരാണ്. നെറോക്ക എഫ്‌സിക്ക് വേണ്ടി 11 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ മെൻഡി നേടിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ്, സെഗുണ്ട ഡിവിഷൻ ബിയിൽ സ്പെയിനിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച താരമാണ്.

ഒമർ റാമോസ് സ്പാനിഷ് ലാ ലിഗയിൽ റയൽ വയ്യാഡോലിഡിനും ലെഗനേസിനും വേണ്ടി 120 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ലാ ലിഗയിൽ ഒരു ഗോളും സ്പാനിഷ് ടോപ്പ് ഡിവിഷനിൽ 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം രാജസ്ഥാൻ യുണൈറ്റഡിനായി 13 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടി . ഇരുവരും മുൻ സ്പാനിഷ് അണ്ടർ 21 താരങ്ങളാണ്.

രണ്ട് കളിക്കാരും മികച്ച നിലവാരമുള്ളവരാണ്. ഗോൾ അവസരങ്ങൾ ഉണ്ടാക്കുന്നതിലും ഫിനിഷിംഗിലും ഗോകുലത്തിനു പോരായ്മകൾ ഉണ്ടായിരുന്നു. ഇരുവരും ഇന്ത്യയിൽ കളിച്ച പരിചയമുള്ളവരും സ്പെയിനിൽ ഉയർന്ന തലത്തിൽ കളിച്ചിട്ടുള്ളവരുമാണ്. ഈ താരങ്ങൾക്ക് ലീഗിൽ ഗോകുലം കേരള എഫ്‌സിയുടെ ഭാഗ്യം മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നു. - വിസി പ്രവീൺ , ജി.കെ.എഫ്‌.സി പ്രസിഡന്റ്