12 ലക്ഷം പലിശക്കുരുക്കിൽ 60 ലക്ഷമായി,​ ദമ്പതികളും മകളും കിടപ്പുമുറിയിൽ തീ കൊളുത്തി ജീവനൊടുക്കി

Saturday 07 January 2023 12:12 AM IST

തിരുവനന്തപുരം: പലിശക്കുരുക്ക് താങ്ങാനാവാതെ ദമ്പതികളും യുവതിയായ മകളും വീടിനുള്ളിൽ തീകൊളുത്തി ജീവനൊടുക്കി.

കഠിനംകുളം പടിഞ്ഞാറ്റുമുക്ക്ചിറയ്‌ക്കൽ കാർത്തികയിൽ പി.രമേശ് (50), ഭാര്യ ജി.സുലജ കുമാരി (48), മകൾ ആർ.എസ്.രേഷ്‌മ (23) എന്നിവരാണ് കിടപ്പുമുറിയിൽ ജീവനൊടുക്കിയത്. പ്രവാസിയായ രമേശ് വ്യാഴാഴ്ച രാവിലെയാണ് ദുബായിൽ നിന്നെത്തിയത്. സുലജ സ്വകാര്യ സ്കൂളിൽ ആയയായിരുന്നു. മകൾ പി.എസ്.സി കോച്ചിംഗിനും പോകുന്നുണ്ടായിരുന്നു.

തോന്നയ്‌ക്കൽ എ.ജെ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും ചെണ്ട കലാകാരനുമായ ഇളയ മകൻ രോഹിത്ത് തമിഴ്‌നാട്ടിൽ ചെണ്ടമേളത്തിന് പോയതിനാൽ വീട്ടിലുണ്ടായിരുന്നില്ല.

12 ലക്ഷം രൂപ പലരിൽനിന്നും പലപ്പോഴായി കടം വാങ്ങിയ കുടുംബം പലിശ പെരുകി 60 ലക്ഷം രൂപയുടെ ബാദ്ധ്യതയിൽപ്പെട്ടതായി സുലജയുടെ പിതാവ് സുരേന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു.

ആർക്കൊക്കെ പണം കൊടുക്കാനുണ്ടെന്ന്

മകൻ രോഹിത്തിന്റെ മുറിയിലെ മേശപ്പുറത്ത് എഴുതിവച്ചശേഷമാണ് ജീവനൊടുക്കിയത്.

രാത്രി പതിനൊന്നരയോടെ ജനൽ ചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ട അയൽക്കാരാണ് തീ ആളുന്നത് കണ്ടത്. വീട് അകത്തു നിന്നു പൂട്ടിയിരുന്നു. തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന സുലജകുമാരിയുടെ മാതാപിതാക്കളായ സുരേന്ദ്രനും സുജാതയും ഉണർന്നു. അയൽക്കാർ കിടപ്പുമുറിയുടെ വാതിൽ ചവിട്ടിതുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാതിലിൽ അലമാര ചേർത്തുവച്ചിരുന്നു. തീപടർന്ന് വാതിൽ ഇളകിയതോടെയാണ് അകത്തു കയറാനായത്. രമേശന്റെ മൃതദേഹം ചുവരിനോട് ചേർന്നും സുലജയുടെയും രേഷ്‌മയുടെയും മൃതദേഹങ്ങൾ കട്ടിലിലുമായിരുന്നു.

ഫോറൻസിക് സംഘം പരിശോധന നടത്തി. കഠിനംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സമഗ്രമായ അന്വേഷണം നടത്തുമെന്നും കടബാദ്ധ്യത മൂലമുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും റൂറൽ എസ്.പി ഡി.ശില്‌പ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം ശാന്തികവാടത്തിൽ സംസ്‌കരിച്ചു.

പലിശക്കാർ കിടപ്പാടം

വിൽക്കുന്നതും മുടക്കി

കടം വീട്ടാൻ വസ്തുവും വീടും വില്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതാണ് ആത്മഹത്യയ്ക്ക് കാരണം.

സുലജയുടെ പിതാവ് സുരേന്ദ്രൻ വിദേശത്തുപോകാൻ വർഷങ്ങൾക്കു മുമ്പ് പണം പലിശയ്ക്കെടുത്തിരുന്നു. തിരികെ വന്നശേഷം പതിനേഴേ മുക്കാൽ സെന്റ് വസ്‌തു വാങ്ങി വീട് പണിതു. ഇതടക്കം ആകെ 12 ലക്ഷം രൂപയായിരുന്നു ബാദ്ധ്യത.വീട് സ്‌ത്രീധനമായി നൽകിയപ്പോൾ കടവും സുലജയുടെ തോളിലായി. അതു തീർക്കാൻ

സുലജ കടം വാങ്ങി. 22 പേർക്കാണ് പണം നൽകാനുണ്ടായിരുന്നത്. ബാദ്ധ്യതയെപ്പറ്റി രമേശിന് അറിയില്ലായിരുന്നു. ദുബായിൽ ഡ്രൈവറായിരുന്ന രമേശ് ഏഴ് വർഷം മുമ്പ് അവധിക്ക് വന്നപ്പോൾ പലിശക്കാർ വീട്ടിലെത്തി ബഹളം വച്ചു. തുടർന്ന് ഏറെക്കാലം രമേശും സുലജയും പിണക്കത്തിലായിരുന്നു.

പിന്നീട് രമേശും കടം വാങ്ങി. ഒരാൾക്ക് മാസം 46,000 രൂപ പലിശ കൊടുത്തിരുന്നു. കിടപ്പാടം വിറ്റ് കടം തീർക്കാനായി ശ്രമം. പണവുമായി സ്ഥലം വിടുമെന്ന് ആരോപിച്ച് കടം കൊടുത്ത ചിലർ കേസ് കൊടുത്തതോടെ വില്പന നടന്നില്ല. ലോണെടുക്കാനുള്ള ശ്രമവും വിജയിച്ചില്ല.