കാര്യവട്ടം വൺഡേ : ടിക്കറ്റ് വില്പന ഉദ്ഘാടനം ഇന്ന്

Saturday 07 January 2023 12:20 AM IST

തിരുവനന്തപുരം : ഈ മാസം 15ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്പന ഇന്നാരംഭിക്കും.വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം നിർവഹിക്കും. ഫസ്റ്റ് ക്ലാസ് മത്സരത്തിൽ 5000 റൺ നേടിയ കേരളത്തിന്റെ ആദ്യ ക്രിക്കറ്റ് താരമായ രോഹൻ പ്രേമിനെ ചടങ്ങിൽ കടകംപള്ളി സുരേന്ദ്രന്‍ എം.എൽ.എ ആദരിക്കും.

കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ്.എസ്.കുമാർ, ട്രെഷറർ കെ.എം അബ്ദുൽ റഹ്മാൻ,വൈസ് പ്രസിഡന്റ് പി .ചന്ദ്രശേഖരൻ നായർ, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി തുടങ്ങിയവർ പങ്കെടുക്കും.

മത്സരത്തിനുള്ള ഇന്ത്യ, ശ്രീലങ്ക ടീമുകൾ 13ന് തിരുവനന്തപുരത്തെത്തും. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്.

12ന് കൊൽക്കത്തയിലെ രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ടീമുകൾ 14ന് ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ നാലു മണിവരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ചു മുതൽ എട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും. ഇന്ത്യൻ ടീം ഹോട്ടൽ ഹയാത്ത് റീജൻസിയിലും ശ്രീലങ്കൻ ടീം ഹോട്ടൽ വിവാന്റയിലുമാണ് താമസിക്കുന്നത്. ജനുവരി 15ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക.