കെ എസ് ആർ ടി സി  ബസുകളിൽ ക്യൂ ആർ കോഡ് സംവിധാനം നടപ്പാക്കുന്നത് വൈകും; ചില സാങ്കേതിക തടസങ്ങളുണ്ടെന്ന് മാനേജ്മെന്റ്

Saturday 07 January 2023 8:05 AM IST

തിരുവനന്തപുരം: കെഎസ്ആ‌ർടിസി ബസുകളിൽ ക്യൂ ആർ കോഡ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത് വൈകും. ചില സാങ്കേതിക തടസങ്ങൾ പരിഹരിക്കാനുണ്ട് എന്നാണ് ഇക്കാര്യത്തിൽ മാനേജ്മെന്റിന്റെ വിശദീകരണം.

ചില്ലറയുടെ പേരിലുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും കെഎസ്ആർടിസി മാനേജ്മെന്റ് കണ്ടെത്തിയ വഴിയായിരുന്നു ഇത്. ജനുവരി മാസം മുതല്‍ സൂപ്പര്‍ ക്ലാസ് ബസുകളില്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇടിഎം മെഷിനോടൊപ്പം ക്യൂ ആര്‍ കോഡ് മെഷീനും കൊണ്ടുനടക്കുന്നതിലെ ബുദ്ധിമുട്ട് കണ്ടക്ടര്‍മാര്‍ ഉയര്‍ത്തി. ക്യൂ ആര്‍ കോഡിലെ തകരാര്‍ കാരണം യാത്രക്കാരുമായി തര്‍ക്കമുണ്ടായാല്‍ എങ്ങനെ പരിഹരിക്കുമെന്ന കാര്യവും പ്രശ്നമാണ്. ഇതെല്ലാം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം വേണമെന്നത് ദീര്‍ഘനാളായുള്ള ആവശ്യമാണ്. എങ്കിലും സംവിധാനം കുറ്റമറ്റതായാലേ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുകയുള്ളു.