അവധിക്കാല സർവീസിൽ ലഭിച്ചത്‌ 3.90 കോടി; ആനവണ്ടിക്ക് റെക്കാർഡ് കളക്ഷൻ

Sunday 08 January 2023 12:31 AM IST

പാലക്കാട്: ക്രിസ്മസ് - ന്യൂയർ അവധിക്കാലത്ത് ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കാർഡ് വരുമാനം. ഡിസംബർ 22 മുതൽ ജനുവരി മൂന്നുവരെയുള്ള 13 ദിവസത്തിനിടെ പാലക്കാട്, മണ്ണാർക്കാട്, വടക്കഞ്ചേരി, ചിറ്റൂർ ഡിപ്പോകളിൽ നിന്നുള്ള ആകെ വരുമാനം 3.90 കോടി രൂപയാണ്‌. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത്‌ തൃശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലേക്കും കോയമ്പത്തൂരിലേക്കും കൂടുതൽ സർവീസ്‌ നടത്തിയതും സ്വിഫ്‌റ്റ്‌ ബസുകൾ അധിക സർവീസ്‌ നടത്തിയതും വരുമാനം വർദ്ധിക്കാൻ സഹായിച്ചു.

അവധിദിനങ്ങളിൽ ആകെ വരുമാനം 3,90,11,531 രൂപയാണ്. ഈ ദിവസങ്ങളിൽ ആകെ 7,28,666 യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചതായി അധികൃതർ അറിയിച്ചു. ക്രിസ്മസ് തലേന്നാണ് ഏറ്റവും ഉയർന്ന കളക്ഷൻ രേഖപ്പെടുത്തിയത്. 35,88,286 രൂപ. ഈ ദിവസം 67,982 പേർ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്തു. പാലക്കാട്‌ ഡിപ്പോയാണ്‌ കളക്ഷനിൽ മുന്നിൽ. വരുമാനം 2.22 കോടി രൂപ. രണ്ടാമത്‌ ചിറ്റൂർ ഡിപ്പോ. 71.23 ലക്ഷം. 49.15 ലക്ഷം രൂപയായിരുന്നു മണ്ണാർക്കാട്‌ ഡിപ്പോയുടെ കളക്‌ഷൻ. വടക്കഞ്ചേരി ഡിപ്പോയിലാണ് സീസണിലെ ഏറ്റവും കുറഞ്ഞ കളക്ഷൻ. ഡിസംബർ 22 മുതലുള്ള 13 ദിവസങ്ങളിൽ വടക്കഞ്ചേരി ഡിപ്പോയുടെ ആകെ കളക്ഷൻ 47,39,949 രൂപ മാത്രമാണ്. യാത്രക്കാർ 114338 പേരും. ദീർഘദൂര ബസുകളിൽ മാത്രമല്ല ടൗൺ ബസുകളിലും വരുമാനം വർദ്ധിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്‌.ആർ.ടി.സിക്ക്‌ ക്രിസ്‌മസും പുതുവത്സരവും സമ്മാനിച്ച മികച്ച വരുമാനം ആശ്വാസം നൽകുന്നു.

ഏറ്റവും ഉയർന്ന കളക്ഷൻ ക്രിസ്മസ് തലേന്ന്

കൂടുതൽ വരുമാനം ക്രിസ്‌മസ്‌ തലേന്നാണ്. 35.88 ലക്ഷം രൂപ. കൂടാതെ ജനുവരി രണ്ട്‌, മൂന്ന്‌, ഡിസംബർ 26, 31 തീയ്യതികളിലും വരുമാനം 30 ലക്ഷത്തിന്‌ മുകളിലെത്തി. അവധി കഴിഞ്ഞ്‌ ജനങ്ങൾ കൂട്ടത്തോടെ യാത്ര ചെയ്‌ത ദിവസങ്ങളാണിത്‌. ജനുവരി 26ന്‌ 30.89 ലക്ഷം, 31ന്‌ 30.08 ലക്ഷം, ജനുവരി രണ്ടിന്‌ 32.77 ലക്ഷം, മൂന്നിന്‌ 32.28 ലക്ഷം എന്നിങ്ങനെയാണ്‌ വരുമാനം. സാധാരണ ദിവസങ്ങളിൽ ശരാശരി 22 ലക്ഷമാണ്‌ കലക്‌ഷൻ.